മണിമല: സംസ്ഥാന സർക്കാർ മലയാളികൾക്കായി ഏറ്റവും മികച്ച രീതിയിൽ സഹായ സഹകരണങ്ങൾ ചെയ്തുവരുന്നുണ്ടെന്നും എംബസിയുമായി ബന്ധപ്പെടുന്നതിനും കഴിവതും വേഗം വിദ്യാർത്ഥികളെ നാട്ടിലെത്തുന്നതിനുള്ള സഹായങ്ങൾ നൽകുമെന്നും സർക്കാർ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎ യുമായ ഡോ.എൻ ജയരാജ് പറഞ്ഞു.
മണിമലയിൽ നിന്നും പഠനാവശ്യത്തിനായി ഉക്രൈയിനിൽ പോയിരുന്ന 5 വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധിപ്പേരാണ് പഠനാവശ്യത്തിനായി ഉക്രൈയിനിൽ പോയിരിക്കുന്നത്. വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ സഹായങ്ങളും നൽകുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
റിനോഷ് മിറ്റി തോമസ്, ബെൻസി മരിയ സജി, അഫ്‌സാന അഷ്‌റഫ്, അനീറ്റ സെബാസ്റ്റ്യൻ, മേഘാ മരിയാ തോമസ് എന്നിവരുടെ വീടുകൾ സന്ദർശിച്ചു കുടുംബാംഗങ്ങളുമായി സംസാരിച്ചു. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമണും ചീഫ് വിപ്പിനൊപ്പമുണ്ടായിരുന്നു.