സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നതിന് ജനങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങൾ പരിഹരിക്കപ്പെടണം; മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: ജനങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങൾ പരിഹരിക്കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സുരക്ഷിതത്വം നൽകുന്ന വീട്, ഭക്ഷണം, ശുദ്ധമായു, ശുദ്ധ ജലം എന്നിവ എല്ലാവർക്കും ലഭ്യമാവുകയും വിദ്യാഭ്യാസം അടക്കമുള്ള ജീവിതാവശ്യങ്ങൾ നിറവേറ്റപ്പെടുകയും വേണം. ജാതി,മതം,ആചാര - അനുഷ്ഠാനങ്ങൾ, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മനുഷ്യർ തരം തിരിക്കപ്പെടരുത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ജനതയെ ഒന്നായി കാണുന്ന കാലത്തിനായി നാം പ്രവർത്തിക്കണം. എല്ലാവിധ അസമത്വങ്ങളും അവസാനിപ്പിച്ച് സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിലെ ധീര ദേശാഭിമാനികൾ സ്വപ്നം കണ്ട രാഷ്ട്രമായി  മാറുന്നതിന് നാട് ഒത്തൊരുമിച്ച് നീങ്ങണമെന്നും മന്ത്രി പറഞ്ഞു.

അയ്മനം ഗ്രാമപഞ്ചായത്ത് എന്‍.എന്‍. പിള്ള സ്മാരക സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. വിഖ്യാത കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാനായ പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ സി.ജെ. കുട്ടപ്പന്‍, അയ്മനം ഗ്രാമപഞ്ചായത്തിന് രാജ്യാന്തര പുരസ്‌കാരം ലഭിച്ച  പ്രവർത്തനങ്ങൾക്ക് നേതത്വം നൽകിയ ഉത്തരവാദിത്ത ടൂറിസം മിഷന്‍  സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, ജില്ലാ കോ-ഓർഡിനേറ്റർ  ഭഗത് സിംഗ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ കെ ആലിച്ചൻ എന്നിവരെ  മന്ത്രി ആദരിച്ചു.

അയ്മനത്തെ കലാപ്രതിഭകളായ 24 പേരെ   ജില്ലാ കളക്ടര്‍ ഡോ. പി.കെ.ജയശ്രീ പൊന്നാടയണിച്ചാദരിച്ച് ഫലകം സമ്മാനിച്ചു. 'സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം നമ്മുടെ ഗ്രാമങ്ങളും സ്വയം പര്യാപ്തതയും' എന്ന വിഷയത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ പ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി.ബിന്ദു, ഡോ.റോസമ്മ് ജോണി, ബ്ലോക്കു പഞ്ചായത്തംഗങ്ങളായ കെ.വി.രതീഷ്, കെ.കെ.ഷാജിമോന്‍, ഗ്രാമപഞ്ചായത്തംഗം പ്രമോദ് തങ്കച്ചന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍. ചന്ദ്രബാബു, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ.ദിവാകര്‍, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി. മാത്യു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രമോദ് ചന്ദ്രൻ, സി.എം. അനി, ജയ്മോൻ കരീമഠം, ബെന്നി പൊന്നാരം, ബാബു കെ. എബ്രഹാം, , പി.സജി എന്നിവർ സംസാരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖല ഉപഡയറക്ടർ കെ.ആർ പ്രമോദ് കുമാർ സ്വാഗതവും ജില്ലാ  ഇൻഫർമേഷൻ ഓഫീസർ  എ. അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്  സി.ജെ.കുട്ടപ്പന്‍ നയിക്കുന്ന തായില്ലം തിരുവല്ലയുടെ പാട്ടുപടേനിയിൽ  25 കലാപ്രതിഭകള്‍ അണിനിരന്ന  നാടന്‍പാട്ട്, ഗ്രാമോത്സവം - കലാവിരുന്ന് ഡോക്യുമെന്ററി പ്രദർശനം എന്നിവ നടത്തി.