ഏറ്റുമാനൂർ: ഏറ്റുമാനൂർ തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അദ്ധ്യാപികയായ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര വീഴ്ച്ചയെന്ന് സർക്കാരിന്റെ ഓഡിറ്റ് റിപ്പോർട്ട് കമ്മറ്റി കണ്ടെത്തിയിട്ടും ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാതെ ജില്ലാ മെഡിക്കൽ ഓഫീസർ. കോട്ടയം ബാറിലെ അഭിഭാഷകനും പേരൂർ സ്വദേശിയുമായ തച്ചനാട്ടേൽ അഡ്വ.ടി എൻ രാജേഷിന്റെ ഭാര്യ അദ്ധ്യാപികയായ ജി എസ് ലക്ഷ്മിയാണ് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് തെള്ളകം മിറ്റേര ആശുപത്രിയിൽ മരിച്ചത്.

 

ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി സർക്കാരിന്റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്നാണു ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ ഉൾപ്പടെയുള്ള 7 അംഗ മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നത്. മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് മെഡിക്കൽ ബോർഡ് 4 പേർക്ക് പകരം 7 അംഗങ്ങളാക്കിയത് എന്നും ആശുപത്രിയുടെ സ്വാധീനത്തിൽ അട്ടിമറി നടന്നതായുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയയാണ് മെഡിക്കൽ ബോർഡ് കൺവീനർ.

 

ഏപ്രിൽ 24 നു ആയിരുന്നു സാധാരണ പ്രസവത്തിലൂടെ ലക്ഷ്മി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്നാണ് ലക്ഷ്മിയുടെ മരണം സംഭവിച്ചത്. യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായതായും ഗർഭപാത്രം മാറ്റിയതായുമാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ ആദ്യം അറിയിച്ചത്. പിന്നീട് ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും യുവതി മരിച്ചതായും രാത്രി ഒൻപത് മണിയോടെയാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരം അറിയിച്ചത്. ഗുരുതര ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. മരുന്നുകൾ കൃത്യ സമയത്ത്  നൽകാത്തതാണ് യുവതി മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ലക്ഷ്മിയുടെ മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പടെ 7 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

കോട്ടയം മെഡിക്കൽ കോളേജ് ആർ എം ഓ ഡോ.ആർ പി രഞ്ജിൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലിസിയമ്മ ജോർജ്, ജില്ലാ ആർ സി എച് മെഡിക്കൽ ഓഫീസർ ഡോ.സി ജെ സിത്താര എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും രക്തം നൽകുകയോ കരുതുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലഡ് ബാങ്ക് പോലും ഈ ആശുപത്രിയിൽ നിലവിലില്ല എന്നും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താൻ ആശുപത്രിക്ക് കഴിഞ്ഞില്ല, ലക്ഷ്മിയുടെ അവസ്ഥ ഗുരുതരമായപ്പോഴും വിദഗ്ധരുടെ സേവനം തേടാനോ മറ്റു ആശുപത്രികളുടെ സേവനം തേടാനോ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല എന്നും സർക്കാരിന്റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ ഈ റിപ്പോർട്ട് മെഡിക്കൽ ബോർഡിലെ ചില അംഗങ്ങൾ ശെരിവെക്കുമ്പോഴും ഡോക്ടറുടെ ഭാഗത്തു നിന്നോ ആശുപത്രിയുടെ ഭാഗത്തു നിന്നോ അശ്രദ്ധയോ വീഴ്ചയോ ഉണ്ടായിട്ടില്ല എന്നാണു ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് സാധൂകരിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താലാണ് സർക്കാരിന്റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിനു പുല്ലു വില നൽകി ആശുപത്രിയുടെ സ്വാധീന ഫലമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അട്ടിമറി നടന്നതായി ബന്ധുക്കൾ ആരോപിക്കുന്നത്.

രക്തസ്രാവം ഉണ്ടായ സമയത്ത് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നില്ല എന്നും മരുന്നുകൾ മറ്റെവിടെ നിന്നെങ്കിലും വാങ്ങാൻ നിർദേശം നൽകുകയോ ചെയ്തിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു. കൃത്യമായ സമയത്ത് വിവരങ്ങൾ അറിയിച്ചിരുന്നെങ്കിലും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.