പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ സ്ഥാപിച്ചിരുന്ന സോളാർ വഴിവിളക്കുകളിൽ ഭൂരിഭാഗവും കണ്ണടച്ചിട്ട് നാളുകൾ ഏറെ. സോളാർ ലൈറ്റുകൾ കൃത്യമായി പരിപാലിക്കാത്തതിനെ തുടർന്ന് മിക്കതിലും കാടുകൾ കയറി മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ചില വഴിവിളക്കുകൾ മാത്രമാണ് ഇപ്പോൾ പ്രകാശിക്കുന്നത്.
സോളാർ വഴിവിളക്കുകൾ പാതയിൽ സ്ഥാപിച്ചപ്പോൾ റോഡിൽ മികച്ച രീതിയിൽ വെളിച്ചവും ലഭിച്ചിരുന്നു. ഇപ്പോൾ വെളിച്ചമില്ലാതായതോടെ അപകടങ്ങളുടെയും ഇഴജന്തുക്കളുടെയും ഭീതിയിലാണ് കാല്നടയാത്രികർ. നാട്ടുകാരുടെ പരാതിയിൽ ഒറ്റയാൾ പ്രതിഷേധവുമായി എലിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗവും ഡെമോക്രാറ്റിക്ക് കോൺഗ്രസ്സ് കേരളാ ജില്ലാ ഭാരവാഹിയുമായ മാത്യൂസ് പെരുമാനങ്ങാട്ട് തെളിയാത്ത വഴിവിളക്കിനു ചുവട്ടിൽ മണ്ണെണ്ണ വിളക്ക് തെളിയിച്ചു.
വെളിച്ചമില്ലാതായതോടെ കാൽനട യാത്രികർ ഇപ്പോൾ ആശ്രയിക്കുന്നത് കടകളിൽ നിന്നുള്ള വെളിച്ചത്തെയാണ്. റോഡിൽ കൃത്യമായ വെളിച്ചം ലഭിക്കാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതായും നാട്ടുകാർ പറയുന്നു.