കോട്ടയം ഇലക്ട്രിക്ക് ചാർജ്ജിങ്ങിലേക്ക്! ജില്ലയിലെ ആദ്യ ഇലക്ട്രിക് വാഹന ചാർജ്ജിങ് കേന്ദ്രം പള്ളത്ത് പൂർത്തിയാകുന്നു.


കോട്ടയം: ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതലായി നിരത്തുകൾ കീഴടക്കാൻ ആരംഭിച്ചതോടെ കോട്ടയവും ഇലക്കറിക് ചാർജിങ്ങിലേക്ക്. കോട്ടയം ജില്ലയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ചാർജിങ് കേന്ദ്രം കോട്ടയം എം സി റോഡിൽ പള്ളത്ത് നിർമ്മാണം പൂർത്തിയായി വരുന്നു. എം സി റോഡിൽ പള്ളം കെ എസ് ഇ ബി ഓഫീസ് വളപ്പിലാണ് ചാർജിങ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.

 

2 കിയോസ്കുകളാണ് വാഹനങ്ങൾ ചാർജി ചെയ്യുന്നതിനായി ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കുറച്ചു നിർമ്മാണ ജോലികൾ കൂടി പൂർത്തീകരിക്കാനുണ്ട്. ഇവ വേഗത്തിൽ പൂർത്തീകരിച്ച ശേഷം മാർച്ച് ആദ്യ ആഴ്ച തന്നെ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കും. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഒരു യൂണിറ്റിന് 5 രൂപയാണ് നിരക്ക്. വീടുകളിൽ ചാർജ് ചെയ്‌താൽ ഒരു വാഹനം പൂർണ്ണമായി ചാർജ് ആകുന്നതിനു 5 മണിക്കൂർ വേണമെന്നിരിക്കെ ചാർജിങ് കേന്ദ്രത്തിൽ നിന്നും ചാർജ് ചെയ്യുകയാണെങ്കിൽ ഒരു മണിക്കൂർ മാത്രം മതിയാകും.

 

അതിവേഗ ചാർജിങ് സംവിധാനങ്ങളാണ് കേന്ദ്രത്തിൽ സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ സ്ഥാപിച്ചിരിക്കുന്ന 2 കിയോസ്കുകളിൽ ഒരേ സമയം ഒന്ന് വീതം രണ്ടു കിയോസ്കുകളിലായി 2 വാഹനങ്ങൾ ചാർജ് ചെയ്യാവുന്നതാണ്. 60 കെ ഡബ്ള്യു എ ട്രാൻസ്ഫോർമരാണ് ഇതിനായി സജ്ജമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുൾപ്പടെ സജ്ജമാക്കി കേന്ദ്രം പ്രവർത്തനക്ഷമമാക്കുന്നതിനു 30 ലക്ഷം രൂപയാണ് ചെലവ്. ഈസ്റ്റ് സെക്ഷൻ ഓഫീസ് വളപ്പിലും ഗാന്ധിനഗർ സെക്ഷൻ ഓഫീസ് വളപ്പിലുമാണ് ഇതിനു ശേഷം ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.