കോട്ടയം : താഴത്തുവടകര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി നിർമ്മിച്ച ആധുനിക മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും ശിലാഫലക അനാശ്ചാദനവും ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വ്വഹിക്കും.
ആധുനിക സജ്ജീകരണങ്ങളോടെയുള്ള എട്ട് ക്ലാസ് മുറികള്‍, നാല് ലാബുകള്‍, ലൈബ്രറി റൂം, മള്‍ട്ടി മീഡിയ റൂം, ഓഫീസ്, പ്രഥമ അധ്യാപക ഓഫീസ്, എട്ട് ശുചിമുറികള്‍ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം. 9168 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം പൊതുമരാമത് വകുപ്പാണ് (കെട്ടിട വിഭാഗം) നിർമ്മിച്ചത്. ഒരു കോടി രൂപ ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച എല്‍.പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബറില്‍ നടന്നിരുന്നു. കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചുള്ള മറ്റൊരു കെട്ടിടത്തിന്റെ നിര്‍മ്മാണവും സ്‌കൂളില്‍ പുരോഗമിക്കുകയാണ്.