പ്രണയദിനത്തിൽ പ്രിയതമനു കരൾ പകുത്തു നൽകി പ്രവിജ, കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു, അടുത്ത 48 മണ


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ആദ്യ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. 17 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ലോക പ്രണയ ദിനത്തിൽ പ്രിയതമനു കരൾ പകുത്തു നൽകി പ്രവിജ. തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (42) നാണ് കരൾ മാറ്റിവയ്ക്കുന്നത്. ഇദ്ദേഹത്തിൻ്റെ ഭാര്യ പ്രവിജ (39) യാണ് കരൾ നൽകുന്നത്.

 

തിങ്കളാഴ്ച്ച രാവിലെ 6 മണിക്കു തന്നെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുടെ നടപടികൾ ആരംഭിച്ചിരുന്നു. മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ ഞായറാഴ്ച രാത്രി ആരോഗ്യ മന്ത്രി വീണാ ജോർജ് നേരിട്ട് സന്ദർശിച്ചു വിലയിരുത്തിയിരുന്നു.മെഡിക്കൽ കോളേജിൽ ആദ്യമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധു രാധയുടെ നേതൃത്വത്തിലാണ് നടന്നത്. ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കോറോളം നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജിൽ ഇന്നലെ നടന്നത്.

 

ശസ്ത്രക്രിയയുടെ ഒന്നാംഘട്ടം ഇന്നലെ വൈകിട്ട് 5 മണിക്ക് പൂർത്തിയായി. പ്രവിജയുടെ കരൾ ഇടതുഭാഗത്തെ 40 ശതമാനം ഭാഗമാണ് ശസ്ത്രക്രിയ ചെയ്തെടുത്ത് സുബീഷിൽ വെച്ച് പിടിപ്പിച്ചത്. കരൾ പകുത്തു മാറ്റിയ ശസ്ത്രക്രിയ അഞ്ചരയോടെ പൂർത്തീകരിച്ചു. തുടർന്ന് സുബീഷിൽ കരൾ വെച്ച് പിടിപ്പിക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. 9 മണികഴിഞ്ഞു പ്രവിജയെ ഐ സി യു വിലേക്ക് മാറ്റി. രാത്രി പത്തരയോടെ സുഭീഷിന്റെ ശസ്ത്രക്രിയയും പൂർത്തിയാക്കി. വരുന്ന 48 മണിക്കൂർ നിര്ണായകമാണെന്നു ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ പറഞ്ഞു. ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്‌നീഷ്യന്മാരും ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായിപൂർത്തീകരിച്ചത്. കഴിഞ്ഞ മാസം ശസ്ത്രക്രീയ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായിരുന്നെങ്കിലും ചില ഔദ്യോഗിക തടസങ്ങൾ നേരിട്ടതിനാൽ നടന്നിരുന്നില്ല. പിന്നീട് മറ്റൊരു ദിവസം നടത്തുവാൻ ശ്രമിച്ചപ്പോൾ രോഗിക്കും ദാതാവിനും കോവിഡ് ബാധിച്ചു. ഇരുവരും കോവിഡ് വിമുക്തരായപ്പോൾ ദാതാവിന് ശാരീരിക അസ്വസ്ത നേരിട്ടതിനാൽ പിന്നീടും ശസ്ത്രക്രീയ മാറ്റിവയ്ക്കേണ്ടി വന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി ഇരുവരേയുടേയും കോവിഡ് പരിശോധ നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെയാണ് ഇന്നലെ ശസ്ത്രക്രിയ ചെയ്യുവാൻ തീരുമാനിച്ചത്.  അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിത് എന്ന് മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.