കോട്ടയം: ജീവിത ദുഖങ്ങളോട് പടവെട്ടി കോട്ടയം തെക്കും ഗോപുരം-കാരാപ്പുഴ റോഡരികിൽ ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് കെട്ടി മറച്ച ഷെഡിനുള്ളിൽ താമസിക്കുന്ന ലക്ഷ്മിക്ക് കരുതലിന്റെ കരങ്ങളുമായി ഓർത്തഡോക്സ് സഭ. സഹോദരൻ ജീവകാരുണ്യ പദ്ധതിയിലൂടെ ലക്ഷ്മിക്ക് ഓർത്തഡോക്സ് സഭ സുരക്ഷിത ഭവനം നിർമ്മിച്ചു നൽകും.
തിരുവാതുക്കലിൽ സഭയുടെ ഉടമസ്ഥതയിലുള്ള 3 സെന്റ് സ്ഥലത്തിലാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീടിന്റെ നിർമ്മാണം അടുത്തയാഴ്ച്ച ആരംഭിക്കും. 65 വയസായ ലക്ഷ്മി തയ്യൽ ജോലികൾ ചെയ്താണ് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്. 2013 ൽ മകൻ മരിച്ചതോടെ ഒറ്റയ്ക്കായ ഇവർ പ്രമേഹബാധയെ തുടർന്ന് മൂന്നു വർഷം മുൻപ് ഒരു കാൽ മുറിച്ചു മാറ്റിയിരുന്നു. വീൽചെയറിലിരുന്നു വലതുകാല് കൊണ്ടാണ് ഇപ്പോൾ തയ്യൽ ജോലികൾ ചെയ്യുന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരാമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായുടെ ജന്മദിനത്തോടനുബന്ധിച്ചു മുന്‍ഗാമി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയാണ് ‘സഹോദരന്‍’ പദ്ധതി.
ഫയൽ ചിത്രം.