കളമ്പുകാട് തോടിന് സംരക്ഷണ ഭിത്തി: നിർമാണ ജോലികൾ ആരംഭിച്ചു.


കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കളമ്പുകാട് തോടിന്റെ സംരക്ഷണ ഭിത്തി നിർമാണം ആരംഭിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് 102 മീറ്റർ നീളത്തിൽ ഭിത്തി നിർമിക്കുന്നത്.

 

മുണ്ടാറിലെ 250 ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിലേക്ക്   കൃഷി ആവശ്യത്തിന് വെള്ളമെടുക്കുന്നത് തോട്ടിൽ നിന്നാണ്.  വർഷങ്ങളായി പാർശ്വഭിത്തി തകർന്നു കിടക്കുന്നതിനാൽ സമീപ പ്രദേശങ്ങളിൽ നിന്നുള്ള മണ്ണ് ഒഴുകി തോട്ടിൽ നിറഞ്ഞ്  ഒഴുക്ക് തടസപ്പെട്ട സ്ഥിതിയിലായിരുന്നു. ജലഗതാഗതത്തിനും തടസം നേരിട്ടിരുന്നു.  തോട് സംരക്ഷണ പ്രവർത്തികളിലൂടെ ഇതിന് പരിഹാരമാകും. സംരക്ഷണ ഭിത്തിനിർമാണത്തിനു ശേഷം തോടിനോട് ചേർന്ന് മൂന്നു മീറ്റർ വീതിയിൽ നിലവിലെ മൺറോഡിന് പകരം കോൺക്രീറ്റ് റോഡ് നിർമിക്കാനും പദ്ധതിയുണ്ട്.

 

പാർശ്വഭിത്തിയുടെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ നിർവഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, വൈസ് പ്രസിഡന്റ് ഷൈനി ബൈജു, ബ്ലോക്ക് പഞ്ചായത്തംഗം ജിഷ ആർ. നായർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എം.കെ. സജീവ് തുടങ്ങിയവർ പങ്കെടുത്തു.