പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പൂർണ പരിഹാരമായി ജലജീവൻ മിഷൻ പദ്ധതി, പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.


പുതുപ്പള്ളി: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പൂർണ പരിഹാരമായി ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.

 

ജലജീവൻ മിഷൻ പദ്ധതിയിലൂടെ ഒരു വർഷത്തിനുള്ളിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ പറഞ്ഞു. കീഴാറ്റ്കുന്ന് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 1,2,3 വാർഡ്കളിലേയ്ക്കു വെള്ളമെത്തിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.

 

വിവിധ ഘട്ടങ്ങളിലായി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി 8000 കുടുംബാംഗങ്ങൾക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. കീഴാറ്റൂകുന്നിൽ സ്ഥാപിക്കുന്ന ടാങ്കിനു 8.5 ലക്ഷം ലിറ്ററാണ് സംഭരണ ശേഷിയുള്ളത്. മേഖലയിലെ ഏറ്റവും വലിയ സംഭരണ ശേഷിയുള്ള ടാങ്കായിരിക്കും ഇത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാനുള്ള പൈപ്പുകൾ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും തലപ്പാടിയിൽ എത്തിച്ചിരുന്നു. ടാങ്കുകൾ സ്ഥാപിക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിലായി മൂന്നു ഇടങ്ങളിൽ സ്ഥലം വാങ്ങിയിട്ടുണ്ട്. കൂടാതെ ഇരവിനെല്ലൂരിലും പുളിക്കയച്ചിറയിലും പദ്ധതിയുടെ ഭാഗമായി ടാങ്ക് സ്ഥാപിക്കും.