മുണ്ടക്കയം: മുണ്ടക്കയത്ത് സ്വകാര്യ ബസ്സ് വീട്ടമ്മയുടെ കാലിൽകൂടി കയറിയിറങ്ങി. ഇന്ന് രാവിലെ 9 മണിയോടെ ദേശീയപാതയിൽ മുണ്ടക്കയം കാഞ്ഞിരപ്പള്ളി റോഡിൽ ചോറ്റിയിലാണ് അപകടം ഉണ്ടായത്.
ബസ്സ് കയറുന്നതിനായി നിൽക്കുകയായിരുന്ന ചിറ്റടി വയലിപ്പറമ്പിൽ ലില്ലിക്കുട്ടി ബസ്സ് എത്തിയപ്പോൾ കയറാനായി ശ്രമിക്കുന്നതിനിടെ കാലിൽ കൂടി ബസ്സിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി പോകുന്നതിനിടെ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു.
ബസ്സ് കണ്ടക്ടറായ കോരുത്തോട് സ്വദേശി എബിൻ, മടുക്ക സ്വദേശി വിജയൻ എന്നിവർക്കാണ് പാറത്തോടിന് സമീപം വെച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ വിജയൻറെ ഇടതു കയ്യിലെ തള്ള വിരൽ അറ്റുപോകുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.