കോട്ടയം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ നാളെ 1296 ബൂത്തുകളിൽ പോളിയോ തുള്ളിമരുന്ന് വിതരണം പുരോഗമിക്കുന്നു. സംസ്ഥാനത്ത് അഞ്ചു വയസുവരെ പ്രായമുളള കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. കോട്ടയം ജില്ലയിലെ അഞ്ചു വയസ് വരെയുള്ള 1.08 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോക്കെതിരായ തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ പറഞ്ഞു.
സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബോട്ട് ജെട്ടികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. കോട്ടയം ജില്ലാതല പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ സഹകരണ- രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ., ജില്ലാകളക്ടർ ഡോ.പി.കെ. ജയശ്രീ . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് പോസിറ്റീവ് ആയിരുന്ന കുട്ടികള്‍ക്ക് പോസിറ്റീവ് ആയി 28 ദിവസം കഴിഞ്ഞാല്‍ പോളിയോ തുള്ളിമരുന്ന് നല്‍കാം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. വൈകിട്ട് 5 മണി വരെ ബൂത്തുകൾ പ്രവർത്തിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്. അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്നു നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ പറഞ്ഞു.