അഹമ്മദാബാദ് സ്ഫോടനം: മറ്റൊരു കേസിൽ ജയിലിലായി മാസങ്ങൾക്ക് ശേഷമാണ് അഹമ്മദാബാദിൽ സ്ഫോടനം നടക്കുന്നത്, മക്കൾ നിരപരാധികൾ; ഈരാറ്റുപേട്ട സ്വദേശികളുടെ പിതാവ്.


ഈരാറ്റുപേട്ട: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈരാറ്റുപേട്ട സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ ഷിബിലി എ കരീം, ശാദുലി എ കരീം എന്നിവർ നിരപരാധികളാണെന്ന് പിതാവ് അബ്‌ദുൾ കരീം പറഞ്ഞു. മറ്റൊരു കേസിൽ ജയിലിലായി മാസങ്ങൾക്ക് ശേഷമാണ് അഹമ്മദാബാദിൽ സ്ഫോടനം നടക്കുന്നത്.

 

ഗൂഢാലോചന കുറ്റം ചുമത്തിയാണ് ജയിലിനുള്ളിൽ കഴിഞ്ഞ തന്റെ മക്കളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ വിവിധ കേസുകളിൽ രാജ്യത്തെ വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്നവരാണ് ഈ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ. പല ജയിലുകളിൽ കഴിഞ്ഞവർ എങ്ങനെയാണ് ഒന്നിച്ച് ഗൂഢാലോചന നടത്തുന്നത് എന്നും അദ്ദേഹം ചോദിച്ചു. മറ്റൊരു കേസിൽ മകൻ ഷിബിലിയെ മുംബൈ എടിഎസ് തലവനായിരുന്ന ഹേമന്ദ് കാർക്കരെ നുണ പരിശോധന നടത്തി കുറ്റക്കാരനല്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു.

 

ഈ കേസിലും നുണ പരിശോധന പോലെയുള്ള ശാസ്ത്രീയമായ പരിശോധനകൾ നടത്തിയിരുന്നെങ്കിൽ തന്റെ മക്കൾ ശിക്ഷിക്കപ്പെടില്ലായിരുന്നു എന്ന് ഉറപ്പുണ്ട് എന്നും പിതാവ് അബ്ദുൽ സ്ക്രീം പറഞ്ഞു. തീർത്തും ദുഃഖകരമായ ഒരു വിധിയാണ് വിചാരണ കോടതിയിൽ നിന്ന് വന്നിരിക്കുന്നത്. അഭിഭാഷകരുമായി ആലോചിച്ച് വിധിക്കെതിരെ അപ്പീൽ പോകും എന്നും അദ്ദേഹം പറഞ്ഞു. 2008 ജൂലൈ 26 നാണു അഹമ്മദാബാദിൽ 21 ഇടങ്ങളിൽ സ്ഫോടന പരമ്പര ഉണ്ടായത്. 56 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ 246 പേർക്ക് പരിക്കേറ്റു. വാഗമൺ, പാനായിക്കുളം എന്നിവിടങ്ങളിൽ സിമിയുടെ തീവ്രവാദ ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് ഇരുവരും. അഹമ്മദാബാദിൽ സ്ഫോടനം നടത്താനുള്ള പരിശീലനം ഇവർക്കു ഇവിടെയാണ് ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിമി ക്യാമ്പിൽ പങ്കെടുത്ത അഹ്മദാബാദ് സ്ഫോടന പാരമ്പരകളിലെ സൂത്രധാരന്മാർക്ക് താമസ സൗകര്യങ്ങളും വാഹന സൗകര്യങ്ങളും ഒരുക്കി നൽകിയത് ഇവർ ഇരുവരുമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.