ഈരാറ്റുപേട്ട: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ച 38 പ്രതികളിൽ 2 പേർ ഈരാറ്റുപേട്ട സ്വദേശികളായ ഇരട്ട സഹോദരങ്ങൾ.
ഈരാറ്റുപേട്ട സ്വദേശി അബ്ദുൽ കരീമിന്റെ മക്കളും ഇരട്ട സഹോദരങ്ങളുമായ ഷിബിലി എ കരീം, ശാദുലി എ കരീം എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2008 ജൂലൈ 26 നാണു അഹമ്മദാബാദിൽ 21 ഇടങ്ങളിൽ സ്ഫോടന പരമ്പര ഉണ്ടായത്. 56 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ 246 പേർക്ക് പരിക്കേറ്റു.
അഹമ്മദാബാദിലെ ജനത്തിരക്കേറിയ സ്ഥലങ്ങളിലായിരുന്നു സ്ഫോടന പരമ്പരകൾ നടന്നത്. വാഗമൺ, പാനായിക്കുളം എന്നിവിടങ്ങളിൽ സിമിയുടെ തീവ്രവാദ ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് ഇരുവരും. അഹമ്മദാബാദിൽ സ്ഫോടനം നടത്താനുള്ള പരിശീലനം ഇവർക്കു ഇവിടെയാണ് ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.