ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 5 മാസം മുൻപ് വിവാഹം, തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ നവദമ്പതികളെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശികളായ ഏറ്റുപറയിൽ പ്രകാശന്റെ മകൻ ശ്യാം പ്രകാശ്(24), ഭാര്യ അരുണിമ(19) എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനും അമ്മയും വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് സംഭവം നടന്നത്. സഹോദരൻ ശരത്ത് വിദ്യാർത്ഥിയും 'അമ്മ തൊഴിലുറപ്പ് തൊഴിലാളിയുമാണ്. വൈകിട്ട് സ്‌കൂളിൽ നിന്നും തിരികെയെത്തിയ സഹോദരനാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്ത് ബഹളം വെച്ചത് കേട്ട് ഓടിയെത്തിയ അയൽവാസികൾ വീടിന്റെ വാതിൽ ചവിട്ടി തുറന്നു അകത്ത് പ്രവേശിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 5 മാസങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹം.പെയിന്റിങ് തൊഴിലാളിയാണ് ശ്യാം.  വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.