തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി സംസ്ഥാനം. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് കോവിഡ് അവലോകന യോഗം ചേരുന്നത്. മുഖ്യമന്ത്രി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുക്കുക. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുതലാകുന്ന സാഹചര്യത്തിൽ വാരാന്ത്യ നിയന്ത്രണങ്ങൾക്കും രാത്രി കർഫ്യുവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. നിലവിൽ വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആണ്. എന്നാൽ ഇത് 50 ൽ നിന്നും കുറയ്ക്കാനാണ് സാധ്യത. സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇനിയും കൂടുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് പിടിവിട്ടു കുതിച്ചുയർന്നു കോവിഡ്! വാരാന്ത്യ നിയന്ത്രണങ്ങൾക്കും രാത്രി കർഫ്യുവിനും സാധ്യത, സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്.