സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ! ഞായറാഴ്ച്ച സംസ്ഥാനത്ത് അനുവദനീയമായ പ്രവർത്തനങ്ങൾ ഇങ്ങെനെ:


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് വരുന്ന 2 ഞായറാഴ്ചകളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായത്. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഞായറാഴ്ച്ചകളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. 

ഞായറാഴ്ചകളിൽ സംസ്ഥാനത്ത് അനുവദനീയമായ പ്രവർത്തനങ്ങൾ ഇങ്ങെനെ:

*അടിയന്തര അവശ്യ സർവ്വീസിൽപ്പെട്ട കേന്ദ്ര-സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ ഓഫീസുകൾക്കും അവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. 

*അടിയന്തര അവശ്യ സർവ്വീസുകളിൽപ്പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും, മേൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

*ടെലികോം,ഇന്റർനെറ്റ് സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ വാഹനങ്ങൾക്കും യാത്രാ അനുമതിയുണ്ട്. സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. 

*ഐ ടി മേഖലയിലെ അത്യാവശ്യം വേണ്ടുന്ന ജീവനക്കാരെ ഉൾപ്പെടുത്തി ഓഫീസ് പ്രവർത്തിപ്പിക്കാം.

*രോഗികൾ അവരുടെ സഹായികൾ, വാക്സിനേഷന് പോകുന്നവർ എന്നിവർക്ക് തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. 

*ദീർഘദൂര ബസ് സർവ്വീസുകൾ, പൊതുഗതാഗതം, ചരക്കു വാഹനങ്ങൾ, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ പൊതു യാത്രാ വാഹനങ്ങൾ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

*അവശ്യസാധനങ്ങൾ (പലചരക്ക്), പഴം പച്ചക്കറി കടകൾ, പാൽ ഉല്പാദന വിതരണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 9 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ടി വ്യാപര സ്ഥാപനങ്ങൾ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മറ്റ് വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി  ഉണ്ടായിരിക്കുന്നതല്ല.

*റെസ്റ്റോറന്റ്,ബേക്കറികൾ എന്നിവ പാഴ്സലുകൾക്കും ഹോം ഡെലിവറിയ്ക്കുമായി മാത്രം രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർ ത്തിക്കാവുന്നതാണ്.

*വിവാഹം,മരണം തുടങ്ങിയ ചടങ്ങുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു 20 പേർക്ക് മാത്രം പങ്കെടുക്കാം.

*ഇ-കൊമേഴ്‌സ്,കൊറിയർ എന്നിവയ്ക്ക് ഹോം ഡെലിവറിക്കായി രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർത്തിക്കാം.

*ഞായറാഴ്ച്ച ടൂറിസം കേന്ദ്രങ്ങളിലോ റിസോർട്ടുകളിലോ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് രേഖകൾ ഉപയോഗിച്ച് യാത്ര ചെയ്യുകയും ഹോട്ടലിലോ റിസോർട്ടുകളിലോ താമസിക്കുന്നതിനും അനുമതി.

*സി എൻ ജി, എൽ പി ജി, എൽ എൻ ജി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അനുമതി.

*മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷയ്ക്കായി പോകുന്ന വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റും തിരിച്ചറിയൽ രേഖയും കയ്യിൽ കരുതണം.

*ആശുപത്രികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ആംബുലൻസ്,നേഴ്‌സിങ് ഹോം എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.

*ടോൾ ബൂത്തുകൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്.

*പ്രിന്റ്,ഇലക്ട്രോണിക്ക്, വിഷ്വൽ, സോഷ്യൽ മീഡിയയ്ക്ക് അനുമതി.

*അത്യാവശ്യ വാഹന തകരാറുകൾ പരിഹരിക്കുന്നതിനായി വർക്ക് ഷോപ്പുകൾക്ക് തുറന്നു പ്രവർത്തിക്കാം.