പാലായിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്തിനൊപ്പം, പെൺകുട്ടി നാടുവിട്ടത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ.


പാലാ: പാലായിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്തിനൊപ്പം. പാലാ ഭരണങ്ങാനം മേലമ്പാറ സ്വദേശിനിയും ഈരാറ്റുപേട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ യുവതിയാണ് നാടുവിട്ടത്.

ഇരുവരെയും പോലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരത്തു നിന്നും കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ 7 മണി വരെ വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. വിവരമറിഞ്ഞു ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് ഉടൻ തന്നെ ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു.

അവധി ദിവസമായിരുന്നതിനാൽ പെൺകുട്ടി ഉറങ്ങുകയാണെന്ന ധാരണയിൽ വിദ്യാർത്ഥിനിയുടെ മുറിയിലേക്ക് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ കൃത്യമായ ആസൂത്രണം നടത്തിയാണ് പെൺകുട്ടി ഇൻസ്റ്റാഗ്രാം സുഹൃത്തിനൊപ്പം പോയത്. കട്ടിലിൽ തലയനകൾ ചേർത്തു വെച്ച് പുതപ്പു വെച്ച് മൂടുകയായിരുന്നു. മാതാപിതാക്കൾ നോക്കുമ്പോൾ മകൾ ഉറങ്ങുന്നതായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. പിന്നീട് ഒരുപാട് സമയം വൈകിയാണ് മാതാപിതാക്കൾ ഈ വിവരം അറിയുന്നതും തുടർന്ന് പോലീസിൽ പരാതി നൽകുന്നതും. പെൺകുട്ടിയുടെ ചിത്രങ്ങൾ ഉൾപ്പടെ സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. വിദ്യാർത്ഥിനി മൊബൈൽ ഫോൺ ഇല്ലാതെ പോയത് അന്വേഷണത്തെ ബാധിച്ചെങ്കിലും കൃത്യമായ പരിശോധനയിൽ പെൺകുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു.