കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത. ജില്ലയിൽ പ്രതിദനം രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു വരികയാണ്.
ജില്ലയിൽ ഇന്നലെ മാത്രം നാലായിരത്തിനടുത്താണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. ഇന്നലെ ജില്ലയിൽ 3922 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 3921 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 112 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കാറ്റഗറി തിരിച്ചുള്ള ജില്ലകളിലെ നിയന്ത്രണങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലാ കോവിഡ് അതീവ നിയന്ത്രിത മേഖലയായ സി കാറ്റഗറിയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. സി കാറ്റഗറിയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക.
മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ജില്ലകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും. ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തും. ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.