പൂർണ്ണ നിറവോടെ ശബരിമല തീർത്ഥാടനം, ദർശനത്തിനെത്തിയത് 20 ലക്ഷത്തിലധികം തീർത്ഥാടകർ.


ശബരിമല: പൂർണ്ണ നിറവോടെ ഈ വർഷത്തെ ശബരിമല തീർത്ഥാടന കാലത്തിനു സമാപനം കുറിച്ചു. ദർശനത്തിനായി 20 ലക്ഷത്തിലധികം  തീർത്ഥാടകരാണ് ഇക്കാലയളവിൽ ശബരിമലയിൽ എത്തിയത്.

തീർത്ഥാടന മുന്നൊരുക്കങ്ങൾ നടത്തിയ കാലയളവ് വളരെയധികം ആശങ്ക നിറഞ്ഞതായിരുന്നു. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ പത്തനംതിട്ട ജില്ലയിൽ ഉണ്ടായ കനത്ത മഴ,മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ റോഡ് നിർമാണം ഉൾപ്പടെയുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും മറ്റു മുന്നൊരുക്ക പ്രവർത്തനങ്ങൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത് എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.

കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി ശബരിമല തീർത്ഥാടനം പൂർണ്ണ നിലയിലായിരുന്നില്ല എന്നതിനാൽ ഇക്കുറി ഒരു പ്രത്യേക വെല്ലുവിളിയായി മാറിയിരുന്നു. ദർശനത്തിൻ്റെ പൂർണ്ണ നിറവ് ഭക്തർക്ക് നൽകുക എന്നതും ഇതിനാൽ ഏറെ പ്രധാനമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തർ തീർത്ഥാടനത്തിനായി ജില്ലയിലേക്ക് ഒരു ചെറിയ കാലയളവിൽ കടന്നു വരുമ്പോൾ കോവിഡ് പ്രതിസന്ധിയെ മറികടന്ന് സുരക്ഷിതമായ തീർത്ഥാടന സൗകര്യം ഒരുക്കുക എന്നതും ജില്ലാ ഭരണകൂടത്തിന് വെല്ലുവിളി തന്നെയായിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെയാണ്  സംസ്ഥാന സർക്കാരിൻ്റെയും, ദേവസ്വം ബോർഡിൻ്റെയും സഹായത്തോടെ ജില്ലാ ഭരണകൂടത്തിന് ഈ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിൻ്റെ ചുമതലയിലുള്ള ശബരിമല സാനിറ്റേഷൻ സൊസൈറ്റി ഏറ്റെടുത്തതും മാതൃകാപരമായ പ്രവർത്തനങ്ങളാണ്. ഇതര സംസ്ഥാനക്കാരുൾപ്പടെ സാധാരണയിൽ നിന്നും 2 ഇരട്ടി ശുചീകരണ പ്രവർത്തകരെയാണ്  സൊസൈറ്റി ഇക്കൊല്ലം വിന്യസിച്ചത്. മതിയായ പരിശീലനം നല്കിയാണ് ഇവരെ രംഗത്തിറക്കിയത്. ശുചീകരണ പ്രവർത്തനങ്ങളിൽ ഇവർ വഹിച്ച പങ്ക് അങ്ങേയറ്റം അഭിനന്ദനാർഹമാണ് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. പമ്പയിലെ ഞുണങ്ങാർ താല്ക്കാലിക പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപോവുകയുണ്ടായി. പമ്പ സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിലേക്ക് പോകുന്ന ഏക വഴി ഈ പാലത്തിലൂടെയായിരുന്നു.10 ദിവസം കൊണ്ട് പാലം പുന:ർനിർമ്മിക്കാൻ കഴിഞ്ഞതും എടുത്തു പറയേണ്ടതാണ്. എല്ലാ തീർത്ഥാടകരും വെർച്ചൽ ക്യൂ സംവിധാനം വഴി വന്ന ആദ്യ തീർത്ഥാടന കാലം ആയിരുന്നു ഇത്. താമസിയാതെ തന്നെ സ്പോട് ബുക്കിംഗ് സംവിധാനവും ഒരുക്കുവാൻ സാധിച്ചു. പ്രതിരോധ വാക്സിനേഷൻ സർട്ടിഫിക്കറ്റോ,72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.റ്റി.പി.സി.ആർ ടെസ്റ്റ് റിസൾട്ടോ ഹാജരാക്കണമെന്ന വ്യവസ്ഥ കർശനമായി തന്നെ പാലിക്കാൻ കഴിഞ്ഞു. ലക്ഷണമുള്ളവരെ പരിശോധിക്കാൻ പ്രത്യേക ടെസ്റ്റിംഗ് കിയോസ്കും തയ്യാറാക്കിയിരുന്നു. ഈ നടപടികളെല്ലാം സുരക്ഷിത തീർത്ഥാടനത്തിന് സഹായകമായി. തങ്കയങ്കി ഘോഷയാത്രയും, മണ്ഡല പൂജയും, എരുമേലി പേട്ടതുള്ളലും, തിരുവാഭരണ ഘോഷയാത്രയും, മകരവിളക്ക് ഉത്സവവുമെല്ലാം ഭംഗിയായി നടത്തുവാൻ താല്പര്യത്തോടുകൂടി പ്രവർത്തിക്കുവാൻ ആഗ്രഹമുള്ള കൂടുതൽ ജീവനക്കാരെ  നിയോഗിക്കുകയായിരുന്നു. ഈ വർഷം ജില്ലാ ഭരണകൂടവും ,വിവിധ വകുപ്പുകളും നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മാർഗ്ഗരേഖ പ്രത്യേകമായി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇനി വരും വർഷങ്ങളിലെ തീർത്ഥാടനം മുൻകൂട്ടി പ്ലാൻ ചെയ്യാനാകണം. അതിനായി ഒരു പ്രവർത്തന കലണ്ടർ തന്നെ തയ്യാറാക്കി മുൻപോട്ട് പോകും എന്നും ജില്ലാ കളക്ടർ പറഞ്ഞു.