റേഷൻ വിതരണം: നിലവിലെ ക്രമീകരണങ്ങൾ 25 വരെ തുടരും.


സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നതായും റേഷൻ വിതരണത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ജനുവരി 25 വരെ തുടരുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്ത് ഈ മാസത്തെ റേഷൻ ഇന്നലെ(ജനുവരി 20) വരെ 35,52,551 പേർ കൈപ്പറ്റിയിട്ടുണ്ട്. (38.59 ശതമാനം).

കഴിഞ്ഞ മാസത്തേത് ഡിസംബർ 20 വരെ 38.30 ശതമാനമായിരുന്നു.  റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇതു ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ രാവിലെ 8.30 am മുതൽ ഉച്ചയ്ക്ക് 12.30 pm വരെയും,  തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഉച്ചയ്ക്ക് 3.00 pm മുതൽ വൈകിട്ട് 7.00 pm വരെയുമായാണ് റേഷൻ കടകളുടെ പ്രവർത്തന സമയം താത്കാലികമായി ക്രമീകരിച്ചിരിക്കുന്നത്.