പാലായിൽ നിന്നും കാണാതായ 2 പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ കണ്ടെത്തി, സിനിമയ്ക്കും കറങ്ങാനുമായി ഇറങ്ങിയ വിദ്യാർത്ഥിനികളെ കണ്ടെത്തിയത് ഈരാറ്റുപേട്ടയിൽ


പാലാ: പാലായിൽ നിന്നും കാണാതായ 2 പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ കണ്ടെത്തി. പത്താം ക്ലാസ്സ് വിദ്യാർഥിനികളായ കൊക്കയാർ സ്വദേശിനി മീര(15), കളത്തൂക്കടവ് സ്വദേശിനി അനാമിക(15) എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

സിനിമ കാണുന്നതിനും കറങ്ങാനുമായാണ് ഈരാറ്റുപേട്ടയിൽ എത്തിയതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇരുവരും പാലാ മുരിക്കുംപുഴ പ്രീ മെട്രിക്ക് ഹോസ്റ്റലിൽ താമസിക്കുന്നവരാണ്. രാവിലെ ഹോസ്റ്റലിൽ നിന്നും സ്‌കൂളിലേക്ക് പോയ ഇവരെ കാണാതാവുകയായിരുന്നു.

സ്‌കൂളിൽ ഇരുവരും എത്തിയിട്ടില്ല എന്ന വിവരം സ്‌കൂളിൽ നിന്നും ഹോസ്റ്റൽ അധികൃതരെ അറിയിച്ചപ്പോഴാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് ഹോസ്റ്റൽ അധികൃതർ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ആറ് മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരെയും ഈരാറ്റുപേട്ടയിൽ നിന്നും കണ്ടെത്തിയത്. പോലീസിന്റെ കൃത്യമായ അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ ഭരണങ്ങാനത്ത് നിന്നും പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തു നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.