കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. താലൂക്കിന്റെ വിവിധ മേഖലകളിലായി രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി കുതിച്ചുയരുകയാണ്.
ഇതിനിടെയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നിരവധി ജീവനക്കാർക്കും സിവിൽ സ്റ്റേഷനിലെയും പോലീസ് സ്റ്റേഷനിലെയും പഞ്ചായത്തുകളിലെയും ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പടെ 30 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആറ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ഓപ്പറേഷന്‍ തീയറ്റര്‍ താല്‍ക്കാലികമായി അടച്ചു. കൂടുതൽ ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആശുപത്രി പ്രവർത്തനങ്ങൾ പ്രതിസന്ധി നേരിടുകയാണ്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ എത്തുന്ന മറ്റു രോഗബാധിതർ നീണ്ട സമയം കാത്തു നിൽക്കേണ്ട അവസ്ഥയിലാണ്. നിലവിലുള്ള ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും കൂടുതൽ സമയം ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോൾ. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ 21 ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിവിധ വകുപ്പ് ജീവനക്കാരായ ഇവർ അവധിയിലായതോടെ ഓഫീസുകളുടെ പ്രവർത്തനവും താളം തെറ്റിയിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 7 പോലീസുകാർക്കും രോഗബാധ സ്ഥിരീകരിച്ചു. താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആശുപത്രികളിലെ ഡോക്ടര്മാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കും രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്നുണ്ട്.