തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് വരുന്ന 2 ഞായറാഴ്ചകളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബവ്റിജ്സ്, കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളും ബാറുകളും നാളെ പ്രവർത്തിക്കില്ല. കോവിഡ് വ്യാപനത്തെത്തുടർന്ന് ജനുവരി 23,30 തീയതികളിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ ബാറുകളുടെ പ്രവർത്തനം നിരോധിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഞായറാഴ്ച്ചകളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.
ഞായറാഴ്ചകളിൽ സംസ്ഥാനത്ത് അനുവദനീയമായ പ്രവർത്തനങ്ങൾ ഇങ്ങെനെ:
*അടിയന്തര അവശ്യ സർവ്വീസിൽപ്പെട്ട കേന്ദ്ര-സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ ഓഫീസുകൾക്കും അവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
*അടിയന്തര അവശ്യ സർവ്വീസുകളിൽപ്പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും, മേൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
*ടെലികോം,ഇന്റർനെറ്റ് സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ വാഹനങ്ങൾക്കും യാത്രാ അനുമതിയുണ്ട്. സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം.
*ഐ ടി മേഖലയിലെ അത്യാവശ്യം വേണ്ടുന്ന ജീവനക്കാരെ ഉൾപ്പെടുത്തി ഓഫീസ് പ്രവർത്തിപ്പിക്കാം.
*രോഗികൾ അവരുടെ സഹായികൾ, വാക്സിനേഷന് പോകുന്നവർ എന്നിവർക്ക് തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
*ദീർഘദൂര ബസ് സർവ്വീസുകൾ, പൊതുഗതാഗതം, ചരക്കു വാഹനങ്ങൾ, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ പൊതു യാത്രാ വാഹനങ്ങൾ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.
*അവശ്യസാധനങ്ങൾ (പലചരക്ക്), പഴം പച്ചക്കറി കടകൾ, പാൽ ഉല്പാദന വിതരണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 9 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ടി വ്യാപര സ്ഥാപനങ്ങൾ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മറ്റ് വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.
*റെസ്റ്റോറന്റ്,ബേക്കറികൾ എന്നിവ പാഴ്സലുകൾക്കും ഹോം ഡെലിവറിയ്ക്കുമായി മാത്രം രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർ ത്തിക്കാവുന്നതാണ്.
*വിവാഹം,മരണം തുടങ്ങിയ ചടങ്ങുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു 20 പേർക്ക് മാത്രം പങ്കെടുക്കാം.
*ഇ-കൊമേഴ്‌സ്,കൊറിയർ എന്നിവയ്ക്ക് ഹോം ഡെലിവറിക്കായി രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർത്തിക്കാം.
*ഞായറാഴ്ച്ച ടൂറിസം കേന്ദ്രങ്ങളിലോ റിസോർട്ടുകളിലോ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് രേഖകൾ ഉപയോഗിച്ച് യാത്ര ചെയ്യുകയും ഹോട്ടലിലോ റിസോർട്ടുകളിലോ താമസിക്കുന്നതിനും അനുമതി.
*സി എൻ ജി, എൽ പി ജി, എൽ എൻ ജി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അനുമതി.
*മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷയ്ക്കായി പോകുന്ന വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റും തിരിച്ചറിയൽ രേഖയും കയ്യിൽ കരുതണം.
*ആശുപത്രികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ആംബുലൻസ്,നേഴ്‌സിങ് ഹോം എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.
*ടോൾ ബൂത്തുകൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്.
*പ്രിന്റ്,ഇലക്ട്രോണിക്ക്, വിഷ്വൽ, സോഷ്യൽ മീഡിയയ്ക്ക് അനുമതി.
*അത്യാവശ്യ വാഹന തകരാറുകൾ പരിഹരിക്കുന്നതിനായി വർക്ക് ഷോപ്പുകൾക്ക് തുറന്നു പ്രവർത്തിക്കാം.