ഓപ്പറേഷൻ പി-ഹണ്ടുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാപക റെയ്ഡ്! ജില്ലയിൽ രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തു. പതിനാറു പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി.


കോട്ടയം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചു. ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടന്ന പരിശോധനയില് കോട്ടയം ജില്ലയിൽ രണ്ടു കേസ്  രജിസ്റ്റര്‍  ചെയ്തു. പതിനാറു പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. ഇവരിൽ നിന്ന്  17 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. സൈബർ ഡോം, സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നതിനായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഓ മാർക്ക് ജില്ലാപോലീസ് മേധാവി ഡി ശില്പാ ഐ.പി.എസ് നിർദ്ദേശം നൽകിയിരുന്നു . വരുംദിവസങ്ങളിലും കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നു ജില്ലാപോലീസ് മേധാവി അറിയിച്ചു. പ്രസ്തുത റെയ്‌ഡിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് സുരേഷ് കുമാർ, ജില്ലയിലെ സബ് ഡിവിഷൻ ഡി.വൈ.എസ്.പി മാർ , എസ്.എച്ച്.ഓ മാർ എന്നിവർ പങ്കെടുത്തു.