കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാൽസംഗക്കേസിൽ വിധി ഇന്ന്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിധി പറയുന്നത്.
ഇന്ന് രാവിലെ 11 മണിക്കാണ് കോടതി നടപടികൾ ആരംഭിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ എത്തിച്ചേർന്നു. കോടതി വളപ്പിൽ കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമാണ് കോടതി വളപ്പിലേക്ക് കടത്തിവിടുന്നത്.
ബലാൽസംഘം ഉൾപ്പെടെ 7 വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. കുറവിലങ്ങാട് മഠത്തിലെ കന്യസ്ത്രിയുടെ പരാതിയിലാണ് 2018 ൽ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനം, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തിരുന്നു. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് പീഡിപ്പിച്ചതായാണ് കന്യാസ്ത്രീ പരാതിയിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ ബിഷപ്പിന് 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.