കോട്ടയം: ഭൂരേഖകളുടെ കൃത്യത ഉറപ്പാക്കാനുള്ള ഒറ്റരേഖാ ഡിജിറ്റൽ ഡ്രോൺ സർവേയ്ക്ക് ജില്ലയിൽ തുടക്കം. നടുവില വില്ലേജിലാണ് ആദ്യം ഡ്രോൺ സർവേ നടത്തുന്നത്. ജി.പി.എസ്. സർവേ പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ ജില്ലയിൽ പൂർത്തീകരിച്ചു. പൊതുജന പങ്കാളിത്തത്തോടെ മറ്റു വില്ലേജുകളിലും നടത്തുന്ന ഡ്രോൺ സർവേയിൽ ഉദ്യോഗസ്ഥർ വീടുതോറും നൽകുന്ന ഫോറം ഒന്ന് (എ) പൂരിപ്പിച്ച് തിരികെ നൽകണമെന്ന് സർവേയ്ക്ക് നേതൃത്വം നൽകുന്ന ജില്ലാ സർവേ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഭൂരേഖകൾക്ക് കൃത്യത ഉറപ്പാക്കാൻ ഡിജിറ്റൽ സർവേ ചെയ്ത് നാലു വർഷത്തിനുളളിൽ റെക്കോഡുകൾ റവന്യൂ വകുപ്പിന് കൈമാറും. ഡിജിറ്റൽ റെക്കോഡുകൾ നിലവിൽ വരുന്നതോടെ നിലവിലെ രേഖകൾ കാലഹരണപ്പെടുകയും ഭൂമിയുടെ ഇപ്പോഴത്തെ കൈവശങ്ങൾ, നിയമങ്ങൾ എന്നിവയനുസരിച്ച് പുതിയ നമ്പറുകൾ നൽകുകയും ചെയ്യും. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിക്ക് രാജ്യത്തെ ഏഴു ലക്ഷം വില്ലേജുകളിൽ തുടക്കം കുറിച്ചിട്ടുണ്ട്. കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം, സംസ്ഥാന റവന്യൂ, സർവേ വകുപ്പുകൾ, സർവേ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഡ്രോൺ സർവേയ്ക്കു യോജിച്ച പ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തും. ഇതിനായി സ്ഥലമുടമകൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ് പെയിന്റ് ഉപയോഗിച്ച് കൈവശ അതിർത്തികൾ അടയാളപ്പെടുത്തണം. ഈ അതിരുകൾ മാത്രമേ ഡ്രോൺ ക്യാമറകൾക്കു തിരിച്ചറിയാനാകൂ. ബാക്കി സ്ഥലങ്ങൾ സർവേ ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധർ ആധുനിക ഡ്രോൺ ഉപകരണങ്ങൾ ഉപയോഗിച്ച് സർവേ നടത്തും. സർവേ റിപ്പോർട്ടുകൾ സർവേ ഓഫ് ഇന്ത്യയുടെ സെർവറിലാണ് ഉൾപ്പെടുത്തുന്നത്.
കോട്ടയം ജില്ലയിൽ ഡിജിറ്റൽ ഡ്രോൺ സർവേയ്ക്കു തുടക്കം.