ഭിന്നശേഷി വാരാചരണം: കാഞ്ഞിരപ്പള്ളി ബിആർസി യുടെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.


മുണ്ടക്കയം: സമഗ്ര ശിക്ഷ കേരള കാഞ്ഞിരപ്പള്ളി ബിആർസി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. മുണ്ടക്കയത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ മാമ്മൻ എബ്രഹാം കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

മുണ്ടക്കയം ബൈപാസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം മുണ്ടക്കയം ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബിആർസി നവംബർ 27 മുതൽ ഡിസംബർ 3വരെ ചങ്ങാതിക്കൂട്ടം, നിറച്ചാർത്തു, കുടുംബസംഗമം, ഓൺലൈൻ കലോത്സവം തുടങ്ങിയ നിരവധി പരിപാടികളാണ് നടത്തി വന്നിട്ടുള്ളത്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാര പ്രവർത്തനങ്ങളിലേയ്ക്ക് എത്തിക്കാനും അവരുടെ സർവോമുഖമായ ഉയർച്ച മുന്നിൽ കണ്ടു നടപ്പാക്കുന്നതിനു വേണ്ടിയും ഒപ്പം പൊതുജനങ്ങളിലേയ്ക്ക് ഈ വിഭാഗം വിദ്യാർത്ഥികളുടെ ശ്രദ്ധ എത്തിക്കുകയും അവരുടെ ഒരു കാരുണ്യം ഈ വിഭാഗത്തിന് ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ മാമ്മൻ എബ്രഹാം ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും തുടർന്ന് സിആർപിഎഫ് ഡി.വൈ.എസ്പി ലതീഷ് തടത്തിൽ ദീപശിഖ പ്രയാണത്തോടൊപ്പം ചേരുകയും ചെയ്തു. പരിപാടിയിൽ ജില്ല പഞ്ചായത്ത്‌ മെമ്പർ പി ആർ അനുപമ മുഖ്യപ്രഭാഷണം നടത്തുകയും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത രതീഷ് ആശംസകൾ അറിയിക്കുകയും ചെയ്തു. സെന്റ്.ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി, ശ്രീ ശബരീശ കോളേജ്, മുരിക്കുംവയൽ, സിഎംഎസ് ഹൈസ്‌കൂൾ മുണ്ടക്കയം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.