ഡ്രൈവരുടെ കണ്ണ് തെറ്റി,നിർത്തിയിട്ടിരുന്ന ആംബുലൻസ് കരിക്ക് കച്ചവടക്കാരൻ ഓടിച്ചു! കിടങ്ങൂരിൽ ആംബുലൻസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി 4 പേർക്ക് പരിക്ക്


കിടങ്ങൂർ: ഏറ്റുമാനൂർ-പാലാ റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസ് കരിക്ക് കച്ചവടക്കാരൻ ഓടിച്ചു നിയന്ത്രണംവിട്ട ആംബുലൻസ് 3 വാഹനങ്ങളിൽ ഇടിച്ചു കയറി. ഇന്ന് വൈകിട്ട് 4 മണിയോടെ കിടങ്ങൂർ കട്ടച്ചിറയിലാണ് അപകടമുണ്ടായത്.

അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. രണ്ട് ഓട്ടോറിക്ഷകളിലും  നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും ആംബുലൻസ് ഇടിച്ചു കയറി. അപകടശേഷം കരിക്ക് കച്ചവടക്കാരൻ ഓടി മറഞ്ഞു. പാലാ  ജനറലാശുപത്രിയുടെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും പാലായിലേക്ക് വരികയായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ കിടങ്ങൂർ കട്ടച്ചിറയിൽ കരിക്ക് കുടിക്കാനായി വാഹനം വഴിയരുകിൽ നിര്‍ത്തുകയായിരുന്നു. ഡ്രൈവറുടെ കണ്ണ് തെറ്റിയതോടെ കരിക്ക് കച്ചവടക്കാരന്‍ ആംബുലന്‍സില്‍ കയറുകയും വാഹനം ഓടിക്കാനും ശ്രമിക്കുകയുമായിരുന്നു. കരിക്ക് കച്ചവടക്കാരൻ വാഹനത്തില്‍ ഗിയറിട്ടതോടെ വാഹനം പിന്നോട്ട് കുത്തിക്കുകയായിരുന്നു. അപകടത്തിൽ ഒരു ഓട്ടോ റോഡില്‍ തലകീഴായി മറിയുകയും ഓട്ടോയിലുണ്ടായിരുന്ന 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരിക്ക് വിൽപ്പന കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്നയാള്‍ക്കും അപകടത്തിൽ പരിക്കേറ്റു. അപകടത്തിൽ പരിക്കെറ്റവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.