തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി അഡ്വ.കെ അനന്തഗോപൻ അധികാരമേറ്റു. തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്ന് രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ അനന്തഗോപനും ബോർഡ് അംഗമായി അഡ്വ.മനോജ് ചരളേലുമാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ദേവസ്വം സെക്രട്ടറി എസ്.ഗായത്രീ ദേവി ആണ് ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുത്തത്. ദേവസ്വം ബോർഡ് പി.ആർ.ഒ സുനിൽ അരുമാനൂർ പുതിയ നിയമനം സംബന്ധിച്ച സർക്കാർ വിജ്ഞാപനം വായിച്ചു.
ഭക്ഷ്യ സിവിൾ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ,എം .എൽ .എ മാരായ മാത്യു ടി.തോമസ്, ജിനീഷ് കുമാർ, ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ അഡ്വ.എൻ.വാസു, എ.പത്മകുമാർ, ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ അഡ്വ.കെ.എസ്.രവി, കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, സി പി.ഐ.(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു, സി.പിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം ബോർഡിലെ നിലവിലെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പഠിച്ച് ദേവസ്വം ബോർഡിൻ്റെ ഉയർച്ചക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ആദ്യ ബോർഡ് യോഗവും ചേർന്നു.