മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനു ആരംഭം,ശബരിമല നട നാളെ തുറക്കും. മകരവിളക്ക് ജനുവരി 14 ന്.


ശബരിമല:  മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് ആരംഭം കുറിച്ച് ശബരിമല നട നാളെ തുറക്കും. നാളെ വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകരും. ശബരിമല -മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും നാളെ നടക്കും. ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല-മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശ സന്നിധിയിലേക്ക് ആനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക. സോപാനത്തിനു മുന്നിലായി നടക്കുന്ന ചടങ്ങില്‍ വച്ച് ക്ഷേത്രതന്ത്രി പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതുകളില്‍ ഓതികൊടുക്കും. പിന്നീട് മാളികപ്പുറംക്ഷേത്രത്തില്‍ വച്ച് മാളികപ്പുറം മേല്‍ശാന്തിയെ അവരോധിക്കും. 16 ന് ആണ് വിശ്ചികം ഒന്ന്. പുലര്‍ച്ചെ ഇരുക്ഷേത്രനടകളും തുറക്കുന്നത്  പുറപ്പെടാ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയും ശംഭു നമ്പൂതിരിയും ആയിരിക്കും. അതേസമയം ഒരു വര്‍ഷത്തെ ശാന്തി വൃത്തി പൂര്‍ത്തിയാക്കിയ ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും 15 ന് രാത്രി തന്നെ പതിനെട്ടാം പടികള്‍ ഇറങ്ങി കലിയുഗവരദന് യാത്രാവന്ദനം നടത്തി വീടുകളിലേക്ക് മടങ്ങും. നവംബർ 16 മുതല്‍ ഡിസംബർ 26 വരെയാണ് മണ്ഡലപൂജാ മഹോല്‍സവം. മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ഉല്‍സവം ജനുവരി 20 വരെയാണ്. 16 മുതല്‍ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതി ഉണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ  ഡിസംബർ26 ന്. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ജനുവരി 14 ന് വൈകുന്നേരം 6.30 ന് നടക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്.