വിദ്യാർത്ഥികളെ വരവേറ്റു വിദ്യാലയങ്ങൾ, സഹപാഠികളെ നേരിൽക്കണ്ട സന്തോഷത്തിൽ കുട്ടികൾ.


കോട്ടയം: പത്തൊൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂൾ തുറന്നപ്പോൾ ഇതാരും നാൾ ഓൺലൈൻ ക്ലാസ്സുകളിൽ കണ്ട സഹപാഠികളെ നേരിൽക്കണ്ട സന്തോഷത്തിലായിരുന്നു വിദ്യാർത്ഥികൾ. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു ജില്ലയിലെ സ്‌കൂളുകളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തയിരുന്നത്.

 

 ജില്ലാതല പ്രവേശനോത്സവം കാണക്കാരി ഗവൺമെന്റ് ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉത്‌ഘാടനം ചെയ്തു.  എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളൊഴിച്ച് മറ്റുള്ള ക്ലാസുകളാണ് ഇന്നാരംഭിച്ചത്. ജില്ലയിലെ 912 സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 1,58,683 വിദ്യാർഥികളാണുള്ളതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ പറഞ്ഞു. 134 സ്‌കൂളുകളിലായി പ്ലസ് ടുവിന് 22,000 വിദ്യാർഥികളാണുള്ളതെന്ന് ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ പി.കെ. അനിൽകുമാർ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു കോടി രൂപ ചെലവിൽ ജില്ലയിലെ ഏഴു സ്‌കൂളുകളും മൂന്നു കോടി രൂപ ചെലവിൽ രണ്ടു സ്‌കൂളുകളും ഒരു കോടി രൂപ ചെലവിൽ എട്ടു സ്‌കൂളുകളും നവീകരിക്കുകയും അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ ഒരുക്കുകയും ചെയ്തതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പറഞ്ഞു. ക്ലാസ് മുറികളുടെ അണുനശീകരണവും സ്‌കൂൾ പരിസരം, കിണറുകൾ, സംഭരണികൾ, ടോയ്ലെറ്റുകൾ എന്നിവയുടെ ശുചീകരണവും പൂർത്തീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡോക്ടർ ഓൺ കോൾ സേവനം എല്ലാ സ്‌കൂളുകളിലും സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളുകൾ പ്രവർത്തിക്കുന്ന സ്ഥലത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഡോക്ടറുടെയും കൗൺസിലറുടേയും സേവനം, കോവിഡ് വാക്സിനേഷൻ, ആംബുലൻസ് സഹായങ്ങൾ എന്നിവ സ്‌കൂളുകൾക്ക് ലഭിക്കും. വാക്സിൻ ലഭിക്കേണ്ട അധ്യാപകർക്കും അനധ്യാപകർക്കും വാക്സിൻ ലഭ്യമാക്കും. സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിനായി പൊലീസ് – എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഏർപ്പെടുത്തി. കോവിഡ് മാനദണ്ഡമനുസരിച്ചാണ് വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കും. അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ പരിപാടിയും നടത്തിയിരുന്നു.