കാർഷികോത്പന്നങ്ങളിൽ നിന്നുള്ള ലാഭം കർഷകന് നേരിട്ട് ലഭ്യമാക്കും: മന്ത്രി പി. പ്രസാദ്.


കോട്ടയം: ഉത്പാദനം വർധിപ്പിച്ച് പ്രാദേശിക ബ്രാൻഡുകളിലൂടെ കാർഷികോത്പന്നങ്ങൾ വിപണിയിലിറക്കി ലാഭം നേരിട്ട് കർഷകർക്ക് ലഭ്യമാക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

ഇത്തരത്തിൽ മികച്ച ലാഭം നേടാവുന്ന പദ്ധതികളിൽ ഒന്നാണ് കേരഗ്രാമം പദ്ധതി. ഏറ്റവും കൂടൂതൽ നാളികേര വിഭവങ്ങൾ ഉപയോഗിക്കുന്ന നമ്മുടെ നാട്ടിൽ തെങ്ങുകളുടെ എണ്ണവും ഉത്പാദനക്ഷമതയും കുറഞ്ഞിട്ടുണ്ട്. ഇത് പദ്ധതിയിലൂടെ പരിഹരിക്കാനാകും. ഉത്പാദനം വർധിപ്പിക്കുന്നതോടെ രണ്ടോ മൂന്നോ കേരഗ്രാമങ്ങൾ ചേർന്ന് പ്രാദേശിക ബ്രാൻഡുകളിൽ വെളിച്ചെണ്ണ സംസ്‌ക്കരണ കേന്ദ്രങ്ങൾ ആരംഭിക്കാനാകും.

ഇതോടെ മായം കലർന്ന വെളിച്ചെണ്ണ മാർക്കറ്റുകളിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം കേരകർഷകർക്ക് അവരുടെ ഉത്പന്നങ്ങളുടെ ലാഭം നേരിട്ട് ലഭ്യമാകുന്ന സ്ഥിതി വരും. മൂല്യ വർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരസമിതികൾ തയാറാകണം. 12 ലക്ഷത്തിലധികം തെങ്ങിൻതൈ വിതരണം ചെയ്യാൻ തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരഗ്രാമം പദ്ധതിയിലൂടെ കല്ലറ പഞ്ചായത്തിലെ 250 ഹെക്ടർ സ്ഥലത്ത് 43,500 തെങ്ങുകൾ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. 2250 കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

മൂന്നു വർഷം കൊണ്ട് 76 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈനി ബൈജു അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജി. ബാബുരാജ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ മുതിർന്ന കർഷകൻ കെ.വി. ഗാനമൂർത്തിയെ ആദരിച്ചു. പദ്ധതിയുടെ ഭാഗമായി തെങ്ങുകയറ്റ യന്ത്രം, തെങ്ങിൻ തൈകൾ, പമ്പ് സെറ്റ് തുടങ്ങിയവ മന്ത്രി കർഷകർക്ക് കൈമാറി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം ജിഷാ രാജപ്പൻ നായർ, ജില്ലാ കൃഷി ഓഫീസർ ബീനാ ജോർജ്, ആത്മ പ്രോജക്ട് ഡയറക്ടർ എം. ലീലാ കൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ റീന ജോൺ, ഗീതാ വർഗീസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. ശശികുമാർ, മിനി ജോസ്, ജോയി കോട്ടായി, കൃഷി ഓഫീസർ ജോസഫ് ജെഫ്രി തുടങ്ങിയവർ പങ്കെടുത്തു.