അടിച്ചിറയിൽ വീടുകളിൽ ഇന്നലെ രാത്രി മോഷണശ്രമം, കുറുവ സംഘമെന്ന് സംശയം,ഭീതിയിൽ ജനങ്ങൾ.


കോട്ടയം: അടിച്ചിറയിൽ ഇന്നലെ രാത്രി വീടുകളിൽ മോഷണശ്രമമുണ്ടായത് കുറുവ സംഘമെന്ന സംശയത്തിൽ നാട്ടുകാർ. ഇന്നലെ രാത്രി നാലോളം വീടുകളിൽ മേഖലയിൽ മോഷണശ്രമം നടന്നതായാണ് വിവരം. വീടുകളുടെ പിൻഭാഗത്തെ ജനൽ ചില്ലുകൾ തകർക്കുകയും കതക് തുറക്കാൻ ശ്രമിച്ചതായുമാണ് വിവരം.

 

വീട്ടുകാർ ബഹളം വെയ്ക്കുകയും ലൈറ്റ് തെളിക്കുകയും ചെയ്തതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. നാലോളം വീടുകളിൽ മോഷണശ്രമം ഉണ്ടായിട്ടുണ്ടെങ്കിലും വസ്തുവകകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണു വിവരം. അടിച്ചിറയിൽ ധന്യ രാജേഷ്, ലത എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്ര അതിരമ്പുഴ മേഖലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ 6 വീടുകളിലാണ് മോഷണശ്രമം നടന്നത്. മാരകായുധങ്ങളുമായി നടക്കുന്ന കവർച്ചാ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. ആയുധധാരികളായ മൂന്നംഗ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ അതിരംപുഴയിലെ വീട്ടിലെ സിസിടിവി യിൽ നിന്നും ലഭിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കാണുകയോ ശബ്ദങ്ങൾ കേൾക്കുകയോ ചെയ്താൽ പോലീസിൽ വിവരമറിയിക്കണമെന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. അസമയത്ത് വീടിനു വെളിയിലോ പരിസര പ്രദേശങ്ങളിലോ ശബ്ദം കേട്ടാൽ പുറത്തിറങ്ങരുത്, ഉടൻ ലൈറ്റുകൾ ഇടുകയും അയൽവാസികളെയും പോലീസിനെയും വിവരമറിയിക്കുകയും വേണം. വീടിനു സമീപമുള്ളവരുടെയും പോലീസ് സ്റേഷനുകളിലെയും നമ്പറുകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തി മൊബൈലിൽ സൂക്ഷിക്കേണ്ടതുമാണ്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ കുറവ സംഘത്തിന്റെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അപകടകാരികളായ കവർച്ചാ സംഘമാണ് ഇത്. നല്ല കായികശേഷിയുള്ള ആളുകളാണ് ഇവരുടെ സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ മടിക്കില്ല.