കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം കം മോർച്ചറി ബ്ലോക്ക് നിർമ്മാണത്തിന് 1 കോടി രൂപ അനുവദിച്ചതായി എംഎൽഎ ഡോ.എൻ ജയരാജ് പറഞ്ഞു.
2021-22 സാമ്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത് എന്ന് എംഎൽഎ പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടുങ്ങിയ മുറിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം കം മോർച്ചറി സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കമേറിയ കെട്ടിടം ശോച്യാവസ്ഥയിലായിട്ടു നാളുകളേറെയായിരുന്നു. ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം കം മോർച്ചറി ബ്ലോക്ക് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യപ്പെട്ട് എംഎൽഎ ഡോ.എൻ ജയരാജ് നിവേദനം നൽകിയിരുന്നു.
