ഈരാറ്റുപേട്ട വാഗമൺ റോഡിനു ശാപമോക്ഷം, 19.90 കോടി രൂപയുടെ ഭരണാനുമതി; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ.


ഈരാറ്റുപേട്ട: നാളുകളായുള്ള ഈരാറ്റുപേട്ട വാഗമൺ റോഡിലെ ദുരിത യാത്രയ്ക്ക് അവസാനമാകുന്നു. ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 19.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

 

 ഈരാറ്റുപേട്ട-വാഗമൺ റോഡ് കിഫ്ബി മുഖേന 63.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും സ്ഥലമേറ്റെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ വൈകുന്നതിനാൽ ഈ പ്രവൃത്തി നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള സ്ഥിതിയിൽ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിനായാണ് 19.90 കോടി രൂപ അനുവദിച്ചത്. മഴ മാറിയാൽ ഉടൻ റോഡ് ടാറിങ് നടത്തും. തുടർന്ന് ഭാവിയിൽ റോഡ് വീതികൂട്ടി പുനരുദ്ധരിച്ച് മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതുമായിരിക്കും എന്നും എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.