'സമം' പരിപാടിക്കു കോട്ടയം ജില്ലയിൽ വർണാഭമായ തുടക്കം.



കോട്ടയം: സ്ത്രീ സമത്വ ആശയ പ്രചാരണത്തിനായി സാംസ്‌കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന 'സമം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും വനിത ചിത്രകലാ ക്യാമ്പും വിദ്യാർഥിനികൾക്കുള്ള ചിത്രകല കളരിയും സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ കോട്ടയം മാമൻമാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്തു.

സ്ത്രീകൾക്ക് അർഹിക്കുന്ന പദവി നൽകിയാലേ തുല്യത കൈവരിക്കാനാകൂ. പ്രസംഗം മാത്രം പോരാ, പ്രവർത്തിയും വേണം എന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റിൽ സ്ത്രീ സംവരണം കൊണ്ടുവന്നത് വലിയ മാറ്റമാണ് സമൂഹത്തിൽ സൃഷ്ടിച്ചത്. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കണമെന്ന ആവശ്യം നടപ്പായില്ല. ക്ഷീരമേഖലയിൽ സ്ത്രീകളാണ് കൂടുതൽ ഇടപെടുന്നതെങ്കിലും ക്ഷീരസഹകരണ സംഘങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യമുണ്ടായിരുന്നില്ല. സഹകരണ സംഘം പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്ത്രീയായിരിക്കണമെന്ന നിബന്ധന സർക്കാർ കൊണ്ടുവന്നു. സമൂഹത്തെ സാംസ്‌കാരികമായും സാമൂഹികപരമായും മുന്നോട്ടു നയിക്കുന്നതിൽ കലകളും സാഹിത്യവും വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്ന് വി എൻ വാസവൻ പറഞ്ഞു. സമൂഹിക പ്രശ്‌നങ്ങൾ ചിത്രകലയിലൂടെ അവതരിപ്പിക്കപ്പെടുകയും ലോകം ശ്രദ്ധിക്കുകയും ചെയ്ത അനുഭവങ്ങൾ നമ്മുക്കുണ്ട്. ഭിന്നശേഷിക്കാരായ ചിത്രകാരികളെയടക്കം പങ്കെടുപ്പിച്ച് ലളിതകലാ അക്കാദമി നടത്തുന്ന വനിത ചിത്രകലാ ക്യാമ്പ് മാതൃകാപരമാണ് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പദ്ധതി പരിപ്രേക്ഷ്യം വിശദീകരിച്ചു. സമം സംസ്ഥാന പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ പ്രൊഫ. സുജ സൂസൻ ജോർജ്ജ്, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ലളിതകലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ്, വൈസ് ചെയർമാൻ എബി എൻ. ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അക്കാദമി സെക്രട്ടറി പി.വി. ബാലൻ എന്നിവർ പങ്കെടുത്തു. സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ വനിത ചിത്രകലാ ക്യാമ്പിൽ സംസ്ഥാനത്തെ പ്രമുഖരായ 25 വനിതകൾ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ വനിത ചിത്രകാരികളും ക്യാമ്പിൽ പങ്കെടുക്കുന്നു. സ്‌കൂൾ വിദ്യാർഥിനികൾക്കായി ത്രിദിന ചിത്രകലാ കളരിയും സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ദിവസങ്ങളിൽ വിവിധ മേഖലകളിൽ പ്രശസ്തരായ വനിതകൾ അനുഭവം പങ്കുവയ്ക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതൽ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരും കുടുബശ്രീ പ്രവർത്തകരും അവതരിപ്പിക്കുന്ന മ്യൂസിക് ഫൂഷൻ, കരോക്കെ ഗാനമേള, വിൽപ്പാട്ട്, നാടൻ പാട്ട്, ഡാൻസ്, കവിതാലാപനം, തീമാറ്റിക് ഡാൻസ്, നാടകം എന്നിവ, വിവിധ സാംസ്‌കാരിക പരിപാടികൾ എന്നിവ നടക്കും. നവംബർ 30 ന് ചിത്രകലാ ക്യാമ്പിന്റെ സമാപന ചടങ്ങിൽ ജില്ലയിലെ പ്രമുഖ വനിതകളെ ആദരിക്കും. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, വിവിധ വകുപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.