അതിരമ്പുഴയിൽ 6 വീടുകളിൽ മോഷണശ്രമം, ആയുധധാരികൾ കുറുവ സംഘമെന്ന് സംശയം, ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി.


കോട്ടയം: അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ശനിയാഴ്ച വെളുപ്പിന് നടന്ന മോഷണശ്രമം കുറുവ സംഘമെന്ന് സംശയം. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ 6 വീടുകളിലാണ് മോഷണശ്രമം നടന്നത്.

മാരകായുധങ്ങളുമായി നടക്കുന്ന കവർച്ചാ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. ഏറ്റുമാനൂർ അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളിൽ മോഷണ ശ്രമം. ആയുധധാരികളായ മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നു കണ്ടെത്തി. ഇവർ കുറുവ സംഘമാണെന്നു സംശയിക്കുന്നതായും പരിശോധന നടത്തുമെന്ന‌ും ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. മനയ്ക്കപ്പാടം നീർമലക്കുന്നേൽ മുജീബ്, കളപ്പുരത്തട്ടേൽ ജോർജ്, തൃക്കേൽ നലീഫ മൻസിൽ യാസിർ, പൈമറ്റത്തിൽ ഇക്ബാൽ, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാർ, യാസ്മിൻ എന്നിവരുടെ വീടുകളിലാണ് ശനിയാഴ്ച വെളുപ്പിന് മോഷണശ്രമം നടന്നത്. ശബ്ദം കേട്ട് വീട്ടുകാർ ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി യിൽ നിന്നും മോഷ്ടാകളുടേത് എന്ന് കരുതുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചിട്ടുണ്ട്.