ശബരിമല: പരമ്പരാഗത പാതയായ നീലിമല മുതല്‍ മരക്കൂട്ടം വരെയുള്ള തീര്‍ഥാടന പാത സഞ്ചാരയോഗ്യമാക്കുന്ന ജോലികള്‍ അവസാനഘട്ടത്തില്‍. ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായാണ് മുന്‍കരുതലായി ദേവസ്വം മരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കുന്നത്.
നീലിമല മുതല്‍ മരക്കൂട്ടം വരെയുള്ള പരമ്പരാഗത പാതയിലെ കാടുവെട്ടിതെളിക്കല്‍ പൂര്‍ത്തിയായി. കല്ലുകളിലെ പായലുകള്‍ പൂര്‍ണമായി നീക്കം ചെയ്തു. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലുള്ള കാര്‍ഡിയോളജി സെന്ററുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി. നശിച്ചുപോയിരുന്ന ബാരിക്കേഡുകള്‍ പുന:സ്ഥാപിക്കുകയും പെയ്ന്റ് ചെയ്യുകയും ചെയ്തു. നീലിമല മുതല്‍ മരക്കൂട്ടം വരെയുള്ള പാതയിലെ ആറ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടേയും രണ്ട് ടോയ്‌ലറ്റ് ബ്ലോക്കുകളുടേയും അറ്റകുറ്റപണികളും പൂര്‍ത്തിയായിട്ടുണ്ട്. അവസാന ഘട്ട ശുചീകരണ പ്രവര്‍ത്തനത്തിന് വിശുദ്ധി സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.