നാർക്കോട്ടിക് ജിഹാദ് വിവാദ പരാമർശം: പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.


പാലാ: നാർക്കോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിലാണ് പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ബിഷപ്പിനെതിരെ കേസ് എടുക്കാൻ കുറവിലങ്ങാട് പോലീസിന് കോടതി നിർദ്ദേശം നൽകി. ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും കത്തോലിക്കാ വിശ്വാസികളായ പെൺകുട്ടികളെ ഇരയാക്കുന്നതായും ഗുരുതര ആരോപണമാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ലത്തിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുന്നതിനിടെയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ വിവാദ പരാമർശം. ലവ് ജിഹാദുമായി ബന്ധപ്പെട്ടു സഹായം നൽകുന്നതിനായി ഒരുപാട് സംഘങ്ങൾ കേരളത്തിലുണ്ടെന്നും കത്തോലിക്കാ യുവാക്കളെയും യുവതികളെയും മയക്കുമരുന്നിന് അടിമപ്പെടുത്താൻ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറയുകയുണ്ടായി. തുടർന്ന് വിവിധ മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. വിവാദ പരാമർശം സംബന്ധിച്ച് നിരവധി പരാതികൾ വിവിധ സംഘടനകൾ നൽകിയിട്ടും അന്വേഷണം നടക്കാഞ്ഞതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.