നവീകരിച്ച ആരോഗ്യകേരളം കോട്ടയം ജില്ലാ ഓഫീസിന്റെ ഉദ്ഘാടനവും കായകല്പ, ദേശീയ ക്വാളിറ്റി അഷ്വറൻസ് പുരസ്‌കാര വിതരണവും കോട്ടയം ജില്ലാ ആശുപത്രിയിൽ നടന്നു.


കോട്ടയം: നവീകരിച്ച ആരോഗ്യകേരളം കോട്ടയം ജില്ലാ ഓഫീസിന്റെ ഉദ്ഘാടനവും കായകല്പ, ദേശീയ ക്വാളിറ്റി അഷ്വറൻസ് പുരസ്‌കാര വിതരണവും കോട്ടയം ജില്ലാ ആശുപത്രിയിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ. വിദ്യാധരൻ, ഡോ. വ്യാസ് സുകുമാരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ എന്നിവർ പ്രസംഗിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആരോഗ്യ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ കായകല്പ പുരസ്‌കാരം പാമ്പാടി താലൂക്ക് ആശുപത്രി, മുണ്ടക്കയം, അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, വാഴൂർ, ഓണംതുരുത്ത്, മുത്തോലി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, പെരുന്ന, വേളൂർ അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക്  സമ്മാനിച്ചു. പൊതുജനാരോഗ്യ സംവിധാനത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ നൽകുന്ന ദേശീയ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് അക്രഡിറ്റേഷൻ പെരുന്ന അർബൻ പ്രാഥമികാരോഗ്യ കേന്ദ്രം, ഓണംതുരുത്ത്, വാഴൂർ, മറവൻതുരുത്ത് കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് കൈമാറി. ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം ഇംപ്ലിമെന്റേഷൻ പ്ലാൻ പ്രകാരം 44 ലക്ഷം രൂപ ചെലവഴിച്ചാണ് ആരോഗ്യകേരളം ജില്ലാ ഓഫീസ് നവീകരിച്ചത്. ആധുനിക സൗകര്യങ്ങളോടെ 26 ജീവനക്കാർക്ക് ജോലി ചെയ്യാനുള്ള സംവിധാനമാണ് നവീകരിച്ച ഓഫീസിലുള്ളത്. പൊതുജനങ്ങൾക്കായി വിശാലമായ ഫ്രണ്ട് ഓഫീസും സജ്ജീകരിച്ചിട്ടുണ്ട്.