മുണ്ടക്കയത്ത് സഹകരണസംഘം ഓഫിസിൽ കത്തി കാട്ടി യുവാക്കൾ ജീവനക്കാരിയുടെ സ്വർണമാല അപഹരിച്ചു .


മുണ്ടക്കയം: മുണ്ടക്കയത്ത് സഹകരണസംഘം ഓഫിസിൽ കത്തി കാട്ടി യുവാക്കൾ ജീവനക്കാരിയുടെ സ്വർണമാല അപഹരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് സംഭവം.

കൊക്കയാർ സ്വദേശി രജനിയുടെ നാലര പവനോളം വരുന്ന സ്വർണ്ണമാലയാണ് അപഹരിക്കപ്പെട്ടത്. സംഭവത്തിൽ രജനി പോലീസിൽ പരാതി നൽകി. ബൈക്കിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. ഈ സമയം രജനി മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ബൈക്കിൽ എത്തി ഓഫിസിലേക്ക് ഓടി കയറിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിക്കുകയും രജനി തടുക്കാൻ ശ്രമിച്ചതോടെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല അപഹരിക്കുകയുമായിരുന്നു. രജനിയുടെ നിലവിളി കേട്ട് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആളുകൾ ഓടിയെത്തിയപ്പോഴേക്കും യുവാക്കൾ ബൈക്കിൽ കയറി രക്ഷപെട്ടിരുന്നു. സംഭവത്തിൽ പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.