കുറവിലങ്ങാട്: കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായി നിർത്താതെ പെയ്ത കനത്ത മഴയിൽ കുറവിലങ്ങാട് മേഖലയിലും സമീപ പ്രദേശങ്ങളിലും റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ചില വീടുകളിലും വെള്ളം കയറിയിരുന്നു. രണ്ട് മണിക്കൂറിലധികം നിർത്താതെ പെയ്ത കനത്ത മഴ ലഘു മേഘവിസ്ഫോടനമാണെന്ന് വിദഗ്ധർ പറയുന്നു.
കനത്ത മഴയിൽ കുറവിലങ്ങാട്, കടുത്തുരുത്തി, ഉഴവൂർ, കടപ്ലമാറ്റം, പാലാ,മരങ്ങട്ട്പിള്ളി മേഖലകളിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുകയും ചെയ്തു. സമതല പ്രദേശമായതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് കാലവസ്ഥാ പഠന വിഭാഗം പറയുന്നു. മിന്നൽ പ്രളയത്തിനു കാരണമാകുന്നതാണ് ലഘു മേഘവിസ്ഫോടനങ്ങൾ. കുന്നുകളും മലകളും ഉള്ള മേഖലകളിൽ മേഘവിസ്ഫോടനങ്ങൾ മലവെള്ള പാച്ചിലിനു കാരണമാകും. കനത്ത മഴയിൽ വെള്ളത്തിനൊപ്പം കല്ലും മണ്ണും ഒഴുകിയെത്തും. ഏതു സ്ഥലത്തും ഇത്തരത്തിൽ മേഘവിസ്‌ഫോടനങ്ങൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ പഠന വിഭാഗം പറയുന്നു. കനത്തമഴയിൽ ഏറ്റുമാനൂർ-എറണാകുളം റോഡിൽ കാണക്കാരി ഗവ. സ്‌കൂളിന് മുൻഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. എം.സി റോഡിൽ കുറവിലങ്ങാട് പള്ളിക്കവലയിലും കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായി. മരങ്ങാട്ടുപള്ളി-കടപ്ലാമറ്റം റോഡിലും വയലാ സ്‌കൂൾ ജംക്ഷനിലും വെള്ളം കയറി. പാലാ-രാമപുരം റോഡിലും ചക്കാമ്പുഴ-ഉഴവൂർ റോഡിലും വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായി.