അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വെള്ളിയാഴ്ച്ച രാത്രിയുണ്ടായ മോഷണശ്രമം കുറുവ സംഘങ്ങൾ എന്ന് സംശയം. അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ തൃകേൽ, മനയ്കപാടം മേഖലകളിലാണ് വെള്ളിയാഴ്ച്ച രാത്രിയും ശനിയാഴ്ച്ച രാവിലെയുമായി മോഷണശ്രമം നടന്നത്.
മോഷ്ടാക്കളെന്നു കരുതുന്നവരുടെ ദൃശ്യങ്ങൾ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം മറച്ചിരിക്കുന്നതിനാൽ വ്യക്തമല്ല. ലഭ്യമായ ദൃശ്യങ്ങളിൽ നിന്നും അംഗചലനങ്ങളിൽ നിന്നും കുറുവ സംഘങ്ങൾ ആണെന്നാണ് സംശയം. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ഇക്കാര്യം ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.
ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനായി എല്ലാ മേഖലകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തിയിട്ടുണ്ട്. ജാസ്മിന്‍,ഇക്ബാല്‍ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. മോഷ്ടാക്കൾ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഒച്ചവെച്ചതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിനു പുറത്തുണ്ടായിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും ചെരുപ്പുകളും ഇവർ കൊണ്ട് പോയതായാണ് വിവരം. സമീപത്തെ വീടുകളിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കാണുകയോ ശബ്ദങ്ങൾ കേൾക്കുകയോ ചെയ്താൽ പോലീസിൽ വിവരമറിയിക്കണമെന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
വാർഡുകളിൽ ചെറുപ്പകാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞു സ്‌ക്വാഡ് പ്രവർത്തനം നടത്തുന്നതും പരിഗണനയിലാണ്. അസമയത്ത് വീടിനു വെളിയിലോ പരിസര പ്രദേശങ്ങളിലോ ശബ്ദം കേട്ടാൽ പുറത്തിറങ്ങരുത്, ഉടൻ ലൈറ്റുകൾ ഇടുകയും അയൽവാസികളെയും പോലീസിനെയും വിവരമറിയിക്കുകയും വേണം. വീടിനു സമീപമുള്ളവരുടെയും പോലീസ് സ്റേഷനുകളിലെയും നമ്പറുകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തി മൊബൈലിൽ സൂക്ഷിക്കേണ്ടതുമാണ്.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ കുറവ സംഘത്തിന്റെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അപകടകാരികളായ കവർച്ചാ സംഘമാണ് ഇത്. നല്ല കായികശേഷിയുള്ള ആളുകളാണ് ഇവരുടെ സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ മടിക്കില്ല.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ -9497931936
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ -0481-2597210