സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: കോട്ടയം ഉൾപ്പടെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.


കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ഉൾപ്പടെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

 കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. ഒക്ടോബർ 28 വരെ  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.