വീട്ടിൽ വിദ്യാരംഭ ചടങ്ങുകൾക്ക് ഒരുങ്ങുകയാണോ?


കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ ഇത്തവണ നിരവധിപ്പേരാണ് വിദ്യാരംഭ ചടങ്ങുകൾ വീടുകളിൽ നടത്താനായി ഒരുങ്ങിയിരിക്കുന്നത്. വീടുകളിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തേണ്ടത് എങ്ങനെയെന്ന് വായിച്ചറിയാം.

വീട്ടിലെ മുതിർന്ന ആളുകളാണ് കുട്ടികളെ എഴുത്തിനിരുത്തേണ്ടത്.

  വിദ്യാരംഭ ചടങ്ങിനായി കരുതേണ്ടവ:

നിലവിളക്ക് 

ഉണക്കലരി

മോതിരം

വയമ്പ് തേന്‍, ത്രിമധുരം 

സരസ്വതീവിഗ്രഹം/ ചിത്രം 

പൂക്കള്‍

ഇരിക്കാനുള്ള പലകയോ പായയോ

ഗ്രന്ഥം

രാവിലെ കുളിച്ചു ശുദ്ധിയോടെ സരസ്വതീവിഗ്രഹത്തിനു മുൻപിലോ ചിത്രത്തിന് മുൻപിലോ നിലവിളക്ക് കത്തിച്ചു വെച്ച് പൂക്കളർപ്പിച്ചു തൊഴുത ശേഷം സരസ്വതീവിഗ്രഹത്തിനു അഭിമുഖമായി നിലത്ത് സജ്ജമാക്കിയിരിക്കുന്ന പലകയിലോ പായയിലോ കുട്ടിയെ മടിയിൽ ഇരുത്തി പ്രതിക്കണം. കിഴക്കിനഭിമുഖമായി വിദ്യാരംഭം നടത്തുന്നതാണ് ഉത്തമം. 

'സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ' എന്ന പ്രാര്‍ഥന എഴുത്തിനിരുത്തയാൾ ചൊല്ലുകയും കുട്ടിയെക്കൊണ്ട് ചൊല്ലിക്കുകയും വേണം. പ്രാർത്ഥനകൾക്ക് ശേഷം തേനിൽ വയമ്പ് ചാലിച്ച് അതിൽ മുക്കിയ സ്വർണ മോതിരം കൊണ്ട് കുട്ടിയുടെ നാവിൽ ‘ഹരിഃ ശ്രീഗണപതയേ നമഃ’എന്ന് എഴുതണം. തുടർന്ന് തളികയിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഉണക്കലരിയിൽ കുട്ടിയുടെ വലതു കൈവിരൽ കൊണ്ട് 'ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു, ശ്രീ ഗുരുഭ്യോ നമഃ' എന്ന് എഴുതിക്കണം. ശേഷം എല്ലാ മലയാള അക്ഷരങ്ങളും കുട്ടിയെക്കൊണ്ട് എഴുതിക്കണം. സരസ്വതീദേവിയെ വീണ്ടും പ്രാ‍‍ർഥിച്ചു പൂക്കൾ അർപ്പിച്ചു ഗുരുനാഥന് ദക്ഷിണ നൽകുന്നതോടെ ചടങ്ങുകൾ അവസാനിക്കും.