കോട്ടയം ജില്ലയിലെ വ്യവസായ വികസനം ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേർന്നു.


തിരുവനന്തപുരം: കോട്ടയം ജില്ലയിലെ വ്യവസായ വികസനം ചര്‍ച്ച ചെയ്യുന്നതിനായി വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ജില്ലയിലെ എംഎൽഎ മാരുടെ യോഗം തിരുവനന്തപുരത്ത് ചേർന്നു.

 

 കോട്ടയം ജില്ലയിലെ എംഎല്‍എമാരും വ്യവസായ മന്ത്രിയും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജില്ലയില്‍ വ്യവസായ മേഖലയിലെ പ്രശ്നങ്ങളില്‍ ഏറിയ പങ്കും യോഗത്തില്‍ ചൂണ്ടിക്കാണിക്കാനായതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. യോഗത്തിൽ ഉയർന്നുവന്ന നിര്‍ദ്ദേശങ്ങളെല്ലാം സൗഹാര്‍ദ്ദപരമായി സമീപിച്ച വ്യവസായ മന്ത്രി ആവശ്യമായ സഹായ നടപടികള്‍ ഉറപ്പു നല്‍കുകയും ചെയ്താതായി വി എൻ വാസവൻ പറഞ്ഞു. വ്യവസായ പാര്‍ക്കുകളിലെ സ്ഥിതിയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത എച്ച്എന്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട് നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങളും മന്ത്രി വിശദീകരിച്ചു. സ്പിന്നിംഗ് മില്ലിലെ പ്രശ്നങ്ങളും ചര്‍ച്ചയില്‍ ഉന്നയിച്ചു. പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഏറ്റുമാനൂരിലെ ഇന്ദിരാ പ്ലാസ്റ്റിക്കിന്‍റെ പുനരുജ്ജീവിപ്പിക്കല്‍, തലയോലപറമ്പിലെ വനിതാ കരകൗശല സംഘത്തിന്‍റെ കാര്യവും യോഗത്തില്‍ ഉന്നയിച്ചു. ആദ്യമായി കേരളത്തിലെ കയറിന് വിദേശ വിപണി ലഭ്യമാക്കിയ വൈക്കം മേഖലയിലെ കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനും അതുവഴി വ്യവസായ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്നതിനും സാധിക്കുമെന്ന് യോഗത്തെ അറിയിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു. ട്രാവൻകൂർ സിമന്‍റ്സ് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും തൊഴിലാളികളുടെ കുടിശികകള്‍ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും സൗഹാര്‍ദ്ദപൂര്‍വ്വമാണ് വ്യവസായ മന്ത്രി പരിഗണിച്ചത്. പൂവന്തുരുത്ത് എസ്റ്റേറ്റില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കേണ്ടതിന്‍റെ ആവശ്യകതയും യോഗത്തെ ബോദ്ധ്യപ്പെടുത്താനായി. നടപടി ഉറപ്പു നല്‍കുകയും ചെയ്തു. ഏറ്റുമാനൂരിലെ ജിഐപിസിയിലെ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള യൂണിറ്റുകളില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സംരംഭകര്‍ക്ക് സെയില്‍ ഡീഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും വ്യവസായ മന്ത്രി ഉറപ്പു നല്‍കി. ഉള്‍നാടന്‍ ജലഗതാഗതത്തിനുള്ള മിനി പോര്‍ട്ടില്‍ ക്രെയിനും ബാര്‍ജും അടക്കമുള്ള സംവിധാനങ്ങള്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന ആവശ്യവും യോഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് നേരത്തെ വ്യവസായ വകുപ്പിന് പദ്ധതിക്കായി നല്‍കിയ സ്ഥലത്ത് ഇതുവരെ പദ്ധതി നടപ്പിലാകാത്ത സാഹചര്യത്തില്‍ തിരിച്ചു നല്‍കിയാല്‍ പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ചു നല്‍കാന്‍ സാധിക്കുമെന്ന് പഞ്ചായത്ത് നല്‍കിയ ഉറപ്പും യോഗത്തെ അറിയിച്ചു. അനുകൂല സമീപനമാണ് യോഗം സ്വീകരിച്ചത്.