മഴക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകളിൽ വൈദ്യസഹായവും ദുരന്തബാധിത മേഖലകളിൽ കൈത്താങ്ങുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി.


പാലാ: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വൈദ്യസഹായം ഉറപ്പാക്കി ദുരന്തബാധിത മേഖലകളിൽ കൈത്താങ്ങായി പാലാ മാർ സ്ലീവാ മെഡിസിറ്റി.

 

 പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവരോടൊപ്പം ദുരന്തബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ചത്.

പേമാരിയും ഉരുൾ പൊട്ടലും കാരണം ഏറെ ദുരന്തം നേരിട്ട കാവാലി, കൂട്ടിക്കൽ, ഇളങ്കാട്, ഏന്തയാർ, കൊടുങ്ങ, പറത്താനം, ചോലത്തടം, കുറുമ്പനാടം തുടങ്ങിയ മേഖലകളിൽ ബിഷപ്പിനോടൊപ്പം മാർ സ്ലീവാ മെഡിസിറ്റിയുടെ മെഡിക്കൽ സംഘവും സന്ദർശിക്കുകയും ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തു. ഇളങ്കാട്, കൊടുങ്ങ, പറത്താനം എന്നീ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി മെഡിക്കൽ ക്യാമ്പുകളും പ്രാഥമിക പരിചരണങ്ങൾക്കാവശ്യമായ മരുന്നുകളും മാർ സ്ലീവാ മെഡിസിറ്റി നൽകി. ദുരന്തബാധിത മേഖലകളിലെ ഏകദേശം 75 ൽപ്പരം ആളുകൾക്ക് വൈദ്യസഹായം നൽകുവാൻ സാധിച്ചതായി ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.