ഇതൊരു വലിയ മാതൃകയാണ്, വ്യാജ പ്രചാരണം കൊണ്ട് തകര്‍ക്കാന്‍ കഴിയാത്ത മാതൃക; വി എൻ വാസവൻ.


തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾ ഒരു വലിയ മാതൃകയാണെന്നും വ്യാജ പ്രചാരണം കൊണ്ട് തകര്‍ക്കാന്‍ കഴിയാത്ത മാതൃകയാണെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരത്ത് ഗവണ്‍മെന്‍റ് എസ്എംവി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടല്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 കഴിഞ്ഞ ദിവസങ്ങളില്‍ ജനകീയ ഹോട്ടലിലെ 20 രൂപയ്ക്കുള്ള ഊണിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മന്ത്രി ജനകീയ ഹോട്ടലില്‍ എത്തിയത്. കറികള്‍ എല്ലാ പൊതികളിലും ഉറപ്പു വരുത്തി വൃത്തിയോടെയും ശ്രദ്ധയോടെയുമാണ് പൊതികളാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജനകീയ ഹോട്ടൽ സന്ദർശിച്ച മന്ത്രി ഊണ് പാർസൽ വാങ്ങുകയും ഇരുന്നു കഴിക്കാൻ സൗകര്യമില്ലാഞ്ഞതിനാൽ ഔദ്യോഗിക വസതിയിലെത്തിയാണ് കഴിച്ചത്. അച്ചാര്‍ അടക്കം മൂന്നു കൂട്ടം കറികളും സാമ്പാറും മീന്‍കറിയുമായാണ് 20 രൂപയ്ക്കുള്ള പൊതിച്ചോറിലുള്ളത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പുലര്‍ച്ചെ മുതല്‍ കുടുംബശ്രീ അംഗങ്ങള്‍ പണിയെടുത്താണ് ഉച്ചയ്ക്ക് മുമ്പ് ഊണ് വിതരണം ചെയ്യാന്‍ തയ്യാറാക്കുന്നത്. സന്ധ്യവരെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇവിടുന്നുള്ള വരുമാനത്തില്‍ ഈ കുടുംബങ്ങള്‍ പുലരുന്നതിനൊപ്പം വളരെ കുറഞ്ഞ ചെലവില്‍ സാധാരണക്കാരന് ഭക്ഷണം കഴിക്കാനും കഴിയും. ഇതൊരു വലിയ മാതൃകയാണ് എന്നും വ്യാജ പ്രചാരണം കൊണ്ട് തകര്‍ക്കാന്‍ കഴിയാത്ത മാതൃകയാണെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.