ദുരന്തബാധിത മേഖലകളിൽ കാഴ്ചകൾ കാണാൻ പോകുന്നത് അപകടകരം, ദുരിതാശ്വാസ പ്രവർത്തനങ്ങളെ അനാവശ്യ സന്ദർശനങ്ങൾ ദോഷകരമായി ബാധിക്കും; ജില്ലാ കളക്ടർ.


കോട്ടയം: ദുരന്തബാധിത മേഖലകളിൽ കാഴ്ചകൾ കാണാൻ പോകുന്നത് അപകടകരമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളെ അനാവശ്യ സന്ദർശനങ്ങൾ ദോഷകരമായി ബാധിക്കുമെന്നും ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.

 

 മണ്ണിടിച്ചിലുണ്ടാകാനിടയുള്ള സ്ഥലങ്ങൾ ആളുകൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൊക്കെ കണ്ടതായും ചില സെൽഫി ചിത്രങ്ങളിൽ കുട്ടികളെ വരെ കണ്ടതായും ജില്ലാ കളക്ടർ പറഞ്ഞു. മണ്ണിടിച്ചിലുണ്ടാകാനിടയുള്ള സ്ഥലങ്ങളിലും ദുരിതബാധിത മേഖലകളിലും കാഴ്ചകൾ  കാണാൻ പോകുന്നത് അപകടകരമാണ്. ദുരിതബാധിത മേഖലയിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ അനാവശ്യ സന്ദർശനങ്ങൾ ദോഷകരമായി ബാധിക്കും എന്നും ജില്ലാ കളക്ടർ പറഞ്ഞു. മഴ പെയ്ത് പലയിടങ്ങളിലും മണ്ണ് ഇളകിക്കിടക്കുന്ന അവസ്ഥയുണ്ട്. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും അപകടകരമാണ്. നാം ജാഗ്രതയോടെ പെരുമാറിയാലേ അപകടങ്ങൾ ഒഴിവാക്കാനാകൂ എന്നും ജില്ലാ കളക്ടർ പറഞ്ഞു. ഉരുൾപൊട്ടലും മറ്റ് അപകടങ്ങളും ഉണ്ടായതായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിൻ്റെ പഴയ വീഡിയോകളൊക്കെ പുതിയതെന്ന നിലയിലും പ്രചരിക്കപ്പെടുന്നു. വസ്തുത ഉറപ്പാക്കിയേ പ്രകൃതിദുരന്തം സംബന്ധിച്ച എല്ലാ വിവരങ്ങളും പങ്കുവയ്ക്കാവൂ. സ്ഥലവും തീയതിയും സമയവുമൊക്കെ രേഖപ്പെടുത്താതെ ഷെയർ ചെയ്യുന്ന വിവരങ്ങൾ ആളുകളെ ഭയാശങ്കയിലാക്കുമെന്നും ജാഗ്രതയോടെ പ്രതിസന്ധികളെ തരണം ചെയ്യുകയാണ് വേണ്ടതെന്നും ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.